അച്ഛൻ(ഭർതൃപിതാവായ ഒ.എൻ.വി കുറുപ്പ് എനിക്ക് അച്ഛനെപ്പോലെയായിരുന്നു.എന്നും ഞാൻ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്.)ഞങ്ങളെ വിട്ട് പോയതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല..ചിലപ്പോൾ രാത്രി അച്ഛൻ വിളിച്ചോയെന്ന് തോന്നി ഞെട്ടിയുണരാറുണ്ട്.അറിയാതെ ചിലപ്പോൾ അച്ഛൻ ഉറങ്ങിയോ എന്ന് ഞാൻ ചോദിച്ചുപോകാറുമുണ്ട്.അച്ഛൻ ഇവിടെയാക്കെത്തന്നെയുണ്ട്.ഇന്ന് അച്ഛൻ വിടപറഞ്ഞിട്ട് മൂന്നുവർഷമാകുന്നു.ഒന്നും ഇനിയും വിശ്വസിക്കാനോ ഉൾക്കൊള്ളാനോ കഴിഞ്ഞിട്ടില്ല.
ആ വീട്ടിൽ മരുമകളായിട്ടാണ് ചെന്ന് കയറിയതെങ്കിലും എന്നും മകളായിട്ടാണ് വളർന്നത്.അച്ഛനും അമ്മയും എന്നും ആ വാത്സല്യം പകർന്നിരുന്നു.എന്റെ വീട്ടിൽ ഞാൻ ഇളയമകളായിരുന്നു. അതുകൊണ്ട് കുഞ്ഞുമോൾ എന്നാണ് വാത്സല്യപൂർവ്വം എന്നെ വിളിച്ചിരുന്നത്. വിവാഹം ചെയ്ത് ആദ്യം പോയത് രാജീവിന്റെ അമ്മയുടെ ഷൊർണൂർ ദേശമംഗലത്തെ തറവാട്ടിലേക്കായിരുന്നു.അവിടെയാണ് ഒരാഴ്ച അന്ന് താമസിച്ചത്. അങ്ങോട്ട് പോകുമ്പോൾ കാറിലിരുന്ന് അച്ഛൻ പറഞ്ഞു : 'നീ ഞങ്ങൾക്കും ഇനി കുഞ്ഞുമോളാണ് ' ജോലി പലദിക്കുകളിലായിരുന്നതിനാൽ വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് തിരുവനന്തപുരത്തെ വീട്ടിൽ ഞങ്ങളെല്ലാം ഒരുമിച്ച് താമസമാക്കിയത്. അന്ന് മായക്കുട്ടി (രാജീവിന്റെ സഹോദരി) യു.കെയിലേക്ക് പഠനത്തിനും മറ്രുമായി പോയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് വീട്ടിൽ വന്നിരുന്ന പലരും ധരിച്ചിരുന്നത് ഞാനാണ് മകളെന്നായിരുന്നു. രാജീവിനെ പരിചയപ്പെടും മുൻപ് തന്നെ രാജീവിന്റെ അമ്മയെ എനിക്ക് അറിയാമായിരുന്നു. കാര്യവട്ടത്ത് എം.എ ഇക്കണോമിക്സിന് ചേർന്നപ്പോൾ ഞാൻ ശാസ്തമംഗലത്തു നിന്നും അമ്മ വഴുതയ്ക്കാട്ടു നിന്നും ബസിൽ കയറും. സരോജിനി ടീച്ചറെ ഞാൻ അങ്ങോട്ടുചെന്ന് പരിചയപ്പെടുകയായിരുന്നു. അവിടെ പഠിച്ച് തുടങ്ങി നാല് മാസം ആയപ്പോഴാണ് കൊച്ചിയിൽ എം.ബി.എയ്ക്ക് അഡ്മിഷൻ കിട്ടിയത്. അവിടെ രാജീവ് എന്റെ സഹപാഠിയായിരുന്നു.
കാര്യവട്ടം കാമ്പസിലെ സരോജിനിയുടെ മകൻ എന്ന് പറഞ്ഞാണ് രാജീവ് എന്നെ പരിചയപ്പെട്ടത്. ഞങ്ങൾ തമ്മിൽ അടുപ്പത്തിലായി. എന്റെ സഹോദരി ശാസ്തമംഗലത്തായിരുന്നു. അവിടെ വരുമ്പോൾ ഞാൻ രാജീവിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. അച്ഛനുമായി സംസാരിക്കാൻ അങ്ങനെ അവസരം കിട്ടിയിരുന്നു. ഒരിക്കൽ ബാങ്ക് ടെസ്റ്റ് എഴുതാനായി ഞങ്ങൾ കൂട്ടുകാരികൾ തിരുവനന്തപുരത്ത് എത്തിയപ്പോൾ രാജീവ് ഞങ്ങൾക്കെല്ലാം വീട്ടിൽ വിളിച്ച് ഊണ് തന്നിരുന്നു.അന്ന് ഓ.എൻ.വി സാറിനെ കാണുമ്പോൾ വലിയ കൗതുകമായിരുന്നു.ഇഷ്ടഗാനങ്ങളുടെ രചയിതാവെന്നതിനൊപ്പം അദ്ദേഹത്തിന്റെ മയിൽപ്പീലി ഞങ്ങൾക്ക് ഡിഗ്രിക്ക് പഠിക്കാനുമുണ്ടായിരുന്നു. 23 -ാമത്തെ വയസ്സിൽ വിവാഹിതനാകണമെന്ന് രാജീവ് അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ അത് സമ്മതിച്ചു. പ്രണയവിവാഹത്തോട് അച്ഛന് യാതൊരു എതിർപ്പും ഇല്ലായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽപ്പോയി ( വളഞ്ഞമ്പലം ) സംസാരിക്കണ്ടേ എന്ന് അച്ഛൻ രാജീവിനോട് ചോദിച്ചു. ശാസ്തമംഗലത്തെ സഹോദരിയുടെ വീട്ടിൽ പോയാൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ വിവാഹത്തിന് ധാരണയായി.ഇതിനിടെ ബാങ്ക് ടെസ്റ്റ് എഴുതിയവരിൽ എനിക്ക് ആദ്യം ജോലികിട്ടി.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ പ്രൊബേഷനറി ഓഫീസറായി ബോംബെയിലായിരുന്നു ജോലി. അച്ഛൻ ബോംബെയിൽ വന്നപ്പോൾ ഞാൻ എയർപോർട്ടിൽ പോയി കണ്ടിട്ടുണ്ട്.നാല് മാസം കഴിഞ്ഞപ്പോൾ രാജീവിനും ജോലിയായി സിൻഡിക്കേറ്റ ബാങ്കിൽ. ഗാസിയാബാദിലായിരുന്നു നിയമനം. പിന്നീടാണ് രാജീവ് റെയിൽവേ സർവ്വീസിൽ പ്രവേശിക്കുന്നത്.
ഞാനും അച്ഛനും അത്തം നാളുകാരാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരേ താത്പര്യമായിരുന്നു. രാജീവിന്റെ അമ്മ ശുദ്ധവെജിറ്റേറിയൻ ആണ്. മുട്ട കലർന്നതിനാൽ കേക്ക് പോലും കഴിക്കില്ല. അച്ഛന് മീനൊക്കെ ഇഷ്ടമായിരുന്നു. രണ്ട് അത്തം നാളുകാരുടെ താത്പര്യങ്ങളാണെല്ലോ വീട്ടിലെന്ന് അമ്മ കളിയാക്കി പറയുമായിരുന്നു.രസകരമായിരുന്നു വീട്ടിലെ ജീവിതം.ചിലരൊക്കപ്പറയുന്നതുപോലെ അച്ഛൻ അത്ര ദേഷ്യക്കാരനൊന്നുമായിരുന്നില്ല. ദേഷ്യം വന്നാലും അപ്പോൾത്തന്നെ അത് തീരും. പെട്ടെന്ന് അപ്സറ്റാകുന്ന പ്രകൃതമായിരുന്നു.എന്നാൽ അച്ഛനെക്കുറിച്ച് അനിഷ്ഠകരമായി പറഞിട്ടുള്ളവർ വീട്ടിൽ വന്നാൽ അവരോടും വളരെ സ്നേഹത്തോടുമാത്രമെ പെരുമാറിയിരുന്നുള്ളു.
എന്നും രാവിലെ നേരത്തെ എഴുന്നേൽക്കും. പാട്ടൊക്ക എഴുതുമ്പോൾ രാവിലെ നാലുമണിക്കേ അച്ഛൻ എഴുന്നേറ്റിരുന്ന് എഴുതാറുണ്ട്. അച്ഛൻ എഴുതുമ്പോൾ ശബ്ദം ഒന്നും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. പലരും ഹോട്ടലിലൊക്കെ പോയിരുന്ന് പാട്ട് എഴുതാൻ വിളിച്ചാലും പോകില്ല. വീടിന്റെ അന്തരീക്ഷത്തിൽ കുടുംബത്തിന്റെ താളത്തിൽ വേണം എഴുതാനെന്ന് അച്ഛന് നിർബന്ധമായിരുന്നു. വീട്ടിൽ അച്ഛന് എഴുതാൻ ഒരു മുറിയുണ്ടായിരുന്നു. ആരോഗ്യം അൽപ്പം മോശമായപ്പോൾ കിടപ്പുമുറിയിലേക്ക് എഴുത്ത് മാറ്രി. രോഗചികിത്സയുടെ ഭാഗമായി ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത് അച്ഛന് വലിയ വിഷമമായിരുന്നു. എരിവും പുളിയും ഉപ്പും ഇല്ലാതെ എന്തിന് കഴിക്കണം എന്ന് അദ്ദേഹം ചോദിച്ചിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതായിരുന്നു അച്ഛന് ഇഷ്ടം. നമ്മളെല്ലാം രുചിയോടെ കഴിക്കുമ്പോൾ അച്ഛന് ഇങ്ങനെയുള്ള ഭക്ഷണം കൊടുക്കുന്നത് രാജീവിന് വലിയ ദു:ഖമായിരുന്നു.
അച്ഛൻ എപ്പോഴും വളരെ പോസിറ്റീവായിരുന്നു . മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.. ബോധസൂര്യൻ മറയുംവരെ എഴുതണം എന്ന് പറയുമായിരുന്നു. ഓർമ്മയില്ലാതെ കിടക്കരുതെന്നും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയൊന്നും വേണ്ടിവന്നില്ല. ക്ഷീണമൊക്കെ ഉള്ളതുകൊണ്ടാണ് അവസാന ദിവസങ്ങളിൽ ശാന്തിഗിരിയിലേക്ക് പോയത്. ഒരു ദിവസം രാജീവ് ചെന്നൈയിൽ അത്യാവശ്യമായി പോകേണ്ടി വന്നതിനാൽ ഞാൻ രാവിലെതന്നെ അച്ഛന്റെ അടുത്തേക്ക് പോയി. അന്ന് അപർണയുടെ പിറന്നാളായിരുന്നു. അച്ഛന് മധുരം ഇടാതെ അരികൊണ്ടുള്ള പായസം ഉണ്ടാക്കി ഞാൻ ചെന്നു. അപ്പോൾത്തന്നെ കുറച്ച് കുടിച്ചു. സന്തോഷത്തോടെ,വീണ്ടും കുറച്ചുകൂടി കുടിച്ചു. രാജീവ് വന്നശേഷം ഞങ്ങളെല്ലാവരും കൂടി ആശുപത്രിയിൽ പോയിരുന്നു. അന്ന് അച്ഛൻ വളരെ ഊർജ്ജസ്വലനായിരുന്നു. തന്നെത്താനെ എഴുന്നേറ്ര് നടന്നു. , ഏറെനേരം സംസാരിച്ചു. ക്ഷീണമൊക്കെ മാറി എന്നും പറഞ്ഞു. എന്നാൽ അടുത്തദിവസം കഴിഞ്ഞപ്പോൾ അച്ഛന് ചെറിയൊരു പനിവന്നു. അവിടെ നിന്നും കിംസ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നരേന്ദ്രനാഥ് പറഞ്ഞു.അവിടെ വന്നതിന്റെ അടുത്തദിവസം തന്നെ ഹൃദയാഘാതം ഉണ്ടായി.
അച്ഛൻ മരിച്ച ദിവസം വീടിന്റെ ചുമലിൽ പുരോഗമന സാഹിത്യസംഘം പ്രവർത്തകർ ഒട്ടിച്ച പോസ്റ്റർ മഴയും വെയിലും ഏറ്റിട്ടും ഇപ്പോഴും ഇളകിപ്പോകാതെയിരിപ്പുണ്ട്.കഴിഞ്ഞവർഷം ഒരരിക് അല്പം ഇളകിയപ്പോൾ ഞാൻ അവിടെ ഒരു സെലോ ടേപ്പ് ഒട്ടിച്ചു.ഇപ്പോഴും അത് അവിടെ ഇളകാതെയുണ്ട്. അച്ഛൻ ശാന്തിഗിരിയിലേക്ക് പോകുന്ന ദിവസം രാവിലെയാണ് കേരളകൗമുദിയിൽ നിന്ന് വിളിച്ച് രോഹിത് വെമുലയെക്കുറിച്ച് ഒരു കവിത ആവശ്യപ്പെട്ടത്.അതെഴുതി നൽകിയിട്ടാണ് അച്ഛൻ അന്ന് ആശുപത്രിയിൽപ്പോയത്.അവിടെ വച്ച് വിനോദ് മങ്കരയുടെ സിനിമയ്ക്കുവേണ്ടി പാട്ടുകൾ എഴുതി. അച്ഛൻ 13 നാണ് വിടപറയുന്നത്.10 ന് അച്ഛൻ എഴുതി എന്നെ ഏൽപ്പിച്ച കവിതയുടെ പേര് 'അനശ്വരതയിലേക്ക് 'എന്നായിരുന്നു. ഞാനത് സ്പീഡ് പോസ്റ്റിൽ അയച്ചെങ്കിലും കോട്ടയത്തെ ഭാഷാപോഷിണിയുടെ ഓഫീസിൽ അത് ലഭിച്ചത് അച്ഛൻ മരിച്ചതിനുശേഷമായിരുന്നു.
(ലേഖിക ഒ.എൻ.വി കുറുപ്പിന്റെ മകൻ രാജീവിന്റെ ഭാര്യയാണ്)