കണ്ണൂർ: പി. ജയരാജന്റെ പേര് വടകര ലോക്സഭാ മണ്ഡലത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ കുറ്റപത്രവുമായി സി.ബി.ഐ രംഗത്തെത്തിയത്. സി.പി.എം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി എന്ന ആരോപണത്തിന് കൂടുതൽ ശക്തിപകരുന്നതായി കുറ്റപത്രം മാറുകയും ചെയ്യും. സി.പി.എം കോട്ടയാണെങ്കിലും രണ്ടുതവണ തുടർച്ചയായി വടകരയിൽ സി.പി.എം മുല്ലപ്പള്ളി രാമചന്ദ്രന് മുന്നിൽ അടിയറവ് പറഞ്ഞതാണ്. ഈയൊരു സാഹചര്യത്തിലാണ് കരുത്തനായ സ്ഥാനാർഥി എന്ന നിലയിൽ പി. ജയരാജന്റെ പേര് വടകര മണ്ഡലത്തിൽ ഉയർന്നുവന്നത്.
കണ്ണൂർ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ജയരാജന്റെ സ്വാധീനവും കോഴിക്കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ പാർട്ടിയുടെ ശക്തിയും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പാർട്ടി. ഇതിനിടെ സി.ബി.ഐ കുറ്റപത്രം വന്നതോടെ ജയരാജന്റെ സ്ഥാനാർഥിത്വത്തിന് മങ്ങലേൽക്കമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലപാതക ഗൂഢാലോചന ചുമത്തി സി.ബി.ഐ തലശേരി കോടതിയിൽ കുറ്റപത്രം നൽകിയത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സി.ബി.ഐയുമായും പുതിയ പോരിന് വഴി തുറക്കും. ബി.ജെ.പിയും പ്രതിപക്ഷവും ഇത് സി.പി.എമ്മിനെതിരായ ആയുധമാക്കി മാറ്റുമ്പോൾ കോൺഗ്രസും ബി.ജെ.പിയും ചേർന്നുള്ള അവിശുദ്ധ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നു സി.പി.എം ആരോപിക്കുന്നു.
അതിനിടെ കതിരൂർ മനോജ് വധക്കേസിൽ ബി.ജെ.പിയും ഷുക്കൂർ വധക്കേസിൽ ലീഗും ഷുഹൈബ് വധക്കേസിൽ കോൺഗ്രസും സി.പി. എമ്മിനെതിരെ പ്രചാരണത്തിനിറങ്ങുകയാണ്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ പിതാവ് സി.ബി. ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. ശക്തമായ നടപടികളുമായി സി.ബി.ഐ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയാൽ രാഷ്ട്രീയപരമായും നിയമപരമായുമുള്ള ചെറുത്തുനിൽപ്പ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. സംസ്ഥാന ഭരണം പാർട്ടിയുടെ കൈയിലുള്ളത് നേരത്തെയുള്ള സാഹചര്യങ്ങളെക്കൾ അനുകൂലമായ അവസ്ഥ സൃഷ്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കേസിൽ പ്രതിരോധത്തിനിറങ്ങുന്ന സി.പി.എം നിയമോപദേശം തേടുകയാണ് ആദ്യം ചെയ്യുക.