rahul-new-allegations-on-

ന്യൂഡൽഹി: ഫ്രഞ്ച് സർക്കാരിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള റഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. റാഫേൽ കരാറിൽ ഇന്ത്യയും ഫ്രഞ്ച് സർക്കാരും ഒപ്പിടുമെന്ന് 10 ദിവസം മുമ്പ് അനിൽ അംബാനി എങ്ങനെ അറിഞ്ഞുവെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ചോദിച്ചു. പ്രതിരോധമന്ത്രിക്കോ, പ്രതിരോധ സെക്രട്ടറിക്കോ മുതിർന്ന ഉദ്യോഗസ്ഥർക്കോ അറിയാത്ത കാര്യം എങ്ങനെ അംബാനി അറിഞ്ഞു. രാജ്യ സുരക്ഷയെ അവഗണിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അംബാനിയോട് വെളിപ്പെടുത്തിയത്. ഇടപാടിന് മുമ്പ് അംബാനി ഫ്രഞ്ച് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇക്കാര്യം വെളിപ്പെടുത്തുന്ന ഇമെയിലും രാഹുൽ പുറത്തുവിട്ടു. റാഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രഞ്ച് സർക്കാരുമായി ഇത്തരത്തിലൊരു കരാർ ഒപ്പിടുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. പ്രതിരോധ മന്ത്രിക്കോ പ്രതിരോധ സെക്രട്ടറിക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ ഇതേ സംബന്ധിച്ച് വിവരമുണ്ടായിരുന്നില്ല. എന്നാൽ കരാർ ഒപ്പിടുന്നതിന് 10 ദിവസം മുമ്പ് രൂപീകരിച്ച കമ്പനിയിലൂടെ അനിൽ അംബാനി റാഫേൽ കരാർ നേടിയെടുത്തു. അഴിമതിക്കപ്പുറം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിത്. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി ദേശീയ സുരക്ഷ അവതാളത്തിലാക്കിയ മോദിക്കെതിരെ കേസെടുക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ മോദി തന്നെയാണ് ചോർത്തിയത്. അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റാഫേൽ കരാറുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ സമർപ്പിക്കാൻ ഇരിക്കുന്ന സി.എ.ജി റിപ്പോർട്ടിനെയും രാഹുൽ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഇത് കംപ്ട്രോളർ ആൻഡ് ഓ‌ഡിറ്റ് ജനറൽ റിപ്പോർട്ട് അല്ലെന്നും ചൗക്കീദാർ ഓഡ‌ിറ്റ് റിപ്പോർട്ടാണെന്നും രാഹുൽ വിമർശിച്ചു. റാഫേൽ കരാറിൽ ഭാഗമായിരുന്ന ഉദ്യോഗസ്ഥൻ തയ്യാറാക്കിയ റിപ്പോർട്ടാണ് സി.എ.ജി റിപ്പോർട്ടായി സമർപ്പിക്കുന്നത്. ഇത് നരേന്ദ്ര മോദിക്ക് വേണ്ടി തയ്യാറാക്കുന്ന റിപ്പോർട്ടാണെന്ന് വ്യക്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.