മുംബയ്: ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ശിവസേനാ മുഖപത്രമായ സാമ്ന. വോട്ടിംഗ് മെഷീനും ‘പൊള്ളയായ ആത്മവിശ്വാസ’വുമുണ്ടെങ്കിൽ ലണ്ടനിലും അമേരിക്കയിലുംവരെ ‘താമര’ വിരിയുമെന്നാണ് പരിഹാസം. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രൂക്ഷ വിമർശനമുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യത്തിന് ബി.ജെ.പി. ശ്രമം തുടരുന്നതിനിടെയാണ് വിമർശനം.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാൻ കഴിഞ്ഞില്ല? എന്നചോദ്യത്തിനൊപ്പം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുപകരം ധാർഷ്ട്യമാണ് ബി.ജെ.പി. നേതാക്കളിൽ കാണുന്നതെന്നും മുഖപ്രസംഗം പറയുന്നു. 24,000 അദ്ധ്യാപക തസ്തികകളാണ് മഹാരാഷ്ട്രയിൽ ഒഴിഞ്ഞുകിടക്കുന്നത്. കർഷകർ പ്രതിഷേധത്തിലാണ്. എന്നാൽ ഭരിക്കുന്നവർക്ക് തിരഞ്ഞെടുപ്പു വിജയത്തിൽ മാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മഹാരാഷ്ട്രയിൽ കഴിഞ്ഞതവണ കിട്ടിയ 42 ലോക്സഭാ സീറ്റുകളെക്കാൾ ഒരു സീറ്റെങ്കിലും ഇത്തവണ അധികം നേടുമെന്നും എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽപോലും ജയിക്കുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അവകാശവാദം. ഇതിനെയും മുഖപ്രസംഗം പരിഹസിക്കുന്നുണ്ട്. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കിൽ പാർട്ടിക്ക് രാജ്യത്തെ മുഴുവൻ സീറ്റും ജയിക്കാൻ കഴിയുമെന്നാണ് പരിഹാസം. റഫാലിനെ പിന്തുണയ്ക്കുന്നവരെല്ലാം ദേശസ്നേഹികളും ചോദ്യം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധരുമാകുന്ന സ്ഥിതിയാണുള്ളതെന്ന വിമർശനം കഴിഞ്ഞദിവസം ‘സാമ്ന’ ഉന്നയിച്ചിരുന്നു.