കോഴിക്കോട്: ഷുക്കൂർ വധക്കേസിൽ ടി.വി രാജേഷ് എം.എൽ.എയ്‌ക്കും കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനുമെതിരായ നടപടികളിൽ നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ രീതിയിൽ പോകട്ടെയെന്ന് ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ വ്യക്തമാക്കി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വി.എസ്സിന്റെ പ്രതികരണം. 'നിയമം നിയമത്തിന്റെ വഴിക്ക് ശരിയായ രീതിയിൽ പോകാൻ വിടണം. അതാണ് നല്ലത്-' വി.എസ് പറഞ്ഞു.
ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കെതിരെ വധ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ തലശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 302, 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റം നേരത്തേ തന്നെ ചുമത്തിയിരുന്നു. 28 മുതൽ 33 വരെയുള്ള പ്രതികൾക്ക് കൊലപാതകത്തിൽ തുല്യപങ്കാണെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.
ജയരാജൻ മുപ്പത്തിരണ്ടാം പ്രതിയും, രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്. കേസ് 14ന് കോടതി പരിഗണിക്കും. മുസ്ളിംലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക നേതാവായിരുന്ന അബ്ദുൾ ഷുക്കൂറിനെ (24), 2012 ഫെബ്രുവരി 20ന് സി.പി.എം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ പാർട്ടി പ്രവർത്തകർ തടഞ്ഞുവച്ച് രണ്ടര മണിക്കൂർ വിചാരണയ്ക്കുശേഷം കുത്തിക്കൊന്നെന്നാണ് കേസ്.