കണ്ണൂർ : 2012 ഫെബ്രുവരി 20ന് അരിയിൽ ഷുക്കൂർ പട്ടാപ്പകൽ ക്രൂരമായി വെട്ടിക്കൊല ചെയ്യപ്പെട്ടപ്പോൾ കേരളത്തിന് അത് രാഷ്ട്രീയ കൊലപാതക പട്ടികയിൽ ചേർത്ത് വയ്ക്കാനുള്ള മറ്റൊരു പേര് മാത്രമായിരുന്നു. കേരളം യു.ഡി.എഫ് സർക്കാർ ഭരിക്കുമ്പോഴാണ് ലീഗ് പ്രവർത്തകനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ഭരണകക്ഷിയുടെ സമ്മർദ്ദമുണ്ടായിട്ടും കേസന്വേഷണത്തിൽ ആവും പോലെ അലംഭാവം കാണിക്കുവാൻ കേസന്വേഷിച്ച പൊലീസിനായി. ഇതിനെതിരെ നിശ്ചയദാർഢ്യത്തോടെ നിയമത്തിന്റെ വഴി സ്വീകരിച്ച് മകന്റെ ഘാതകരെ മറയ്ക്ക് വെളിയിൽ കൊണ്ട് വരാൻ മാതാവ് പി.സി.ആത്തിക്ക തയ്യാറായതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് വഴിതുറന്നത്.
ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവേളയിലാണ് പി. ജയരാജനും ടി.വി. രാജേഷും കൊലപാതകത്തിന് പ്രേരണ നൽകിയെന്നതായിരുന്നു പൊലീസ് കുറ്റാരോപണം. എന്നാൽ ജയരാജനോടൊപ്പം മുറിയിലുണ്ടായിരുന്ന നാല് പേർക്കെതിരെ ഗൂഢാലോചനക്കുറ്റമാരോപിക്കുന്ന 120 ബി വകുപ്പ് ചേർത്തപ്പോൾ അക്രമമുണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന 118ാം വകുപ്പാണ് പി. ജയരാജനും ടി.വി. രാജേഷിനും എതിരെ പൊലീസ് എടുത്തത്. ഈ വൈരുദ്ധ്യമാണ് ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്ത് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. പൊലീസ് കള്ളക്കളി മനസിലാക്കിയ ജസ്റ്റിസ് ബി. കെമാൽപാഷയാണ് സി.ബി.ഐ അന്വേഷണം അനുവദിച്ച് വിധി പ്രസ്താവിച്ചത്. ഇതിനെതിരെ ജയരാജനും രാജേഷും ഹൈക്കോടതിയിലും ഡിവിഷൻ ബെഞ്ചിലും നൽകിയ അപ്പീൽ തള്ളുകയായിരുന്നു.
സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചപ്പോഴും ഇനിയും നിയമപോരാട്ടം തുടരുമെന്നാണ് ആത്തിക്ക പറയുന്നത്. എത്ര വൈകിയാലും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ. ഇനിയുള്ള വിചാരണ സി.ബി.ഐ കോടതിയിൽ തന്നെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.