m-nageswara-rao

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ സി.ബി.ഐ മുൻ ഡയറക്ടർ എം നാഗേശ്വര റാവുവിന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ഇന്ന് കോടതി പിരിയും വരെ പുറത്ത് പോകരുതെന്നും നിർദ്ദേശമുണ്ട്. റാവുവിന്റെ മാപ്പപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിൽ സുപ്രീംകോടതിയിൽ നിരുപാധികം റാവു മാപ്പ് പറഞ്ഞിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് നാഗേശ്വർ റാവു അന്വേഷണ ഉദ്യോഗസ്ഥനായ എ.കെ.ശർമയെ സ്ഥലം മാറ്റിയത്. ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് റാവു സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

നടപടിയിൽ സുപ്രീംകോടതിയോട് നിരുപാധികം മാപ്പ് ചോദിക്കുന്നതായി സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കവേ താൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് തെറ്റായിരുന്നുവെന്ന് നാഗേശ്വർ റാവു പറയുന്നു. ഇത് സംബന്ധിച്ച സത്യവാങ്മൂലമാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. കേസിൽ കോടതി ഇടപെട്ടതിനിടയിലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തിൽ നാഗേശ്വർ റാവു നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും നേരത്തേ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. സി.ബി.ഐ മുൻ ജോയിന്റ് ഡയറക്ടറായ എ.കെ.ശർമയെയാണ് സി.ബി.ഐ മുൻ ഇടക്കാല ഡയറക്ടർ എം. നാഗേശ്വരറാവു സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിൽ മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വര റാവു സി.ബി.ഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെയും സുപ്രീംകോടതി വിമർശിച്ചു.ബീഹാറിലെ മുസഫർപൂർ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നടന്ന ബാലപീഡനക്കേസുകൾ അന്വേഷിച്ചിരുന്ന എ.കെ ശർമയെ കഴിഞ്ഞ ജനുവരി 17ന് സി.ആർ.പി.എഫിലേക്കാണ് നാഗേശ്വര റാവു സ്ഥലം മാറ്റിയത്.