bears

ബീജിംഗ്: ആപ്പിളാണെന്ന് കരുതി കരടിക്ക് കഴിക്കാനായി എറിഞ്ഞു കൊടുത്തത് ഐഫോൺ! യാൻ ചെങ് മൃഗശാലയിലെത്തിയ വ്യക്തിയാണ് കരടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അബദ്ധത്തിൽ തന്റെ ഐഫോൺ എറിഞ്ഞു കൊടുത്തത്. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കരടികളെ വീഡിയോയിൽ പകർത്തുന്നതിനിടെ മറ്റൊരു സന്ദർശകനാണ് ഫോൺ എറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

യാൻചെങ് മൃഗശാലയിലെത്തിയ വ്യക്തി കരടികളെ കാണുന്നതിനൊപ്പം അവർക്ക് കഴിക്കാനായി ആപ്പിളും,​ കാരറ്റുകളും എറിഞ്ഞു കൊടുക്കുകയായിരുന്നു. അബദ്ധത്തിൽ എപ്പോഴോ കൈയ്യിലുണ്ടായിരുന്ന ഐഫോണാണ് പുള്ളിക്കാരൻ കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സന്തോഷത്തിൽ വീണു കിട്ടിയ ഐഫോണിലേക്ക് സൂക്ഷിച്ച് നോക്കിയ കരടിക്കുട്ടൻ കൂടെയുണ്ടായിരുന്ന കരടിക്ക് പോലും കൊടുക്കാതെ ഫോണും കടിച്ചെടുത്തുകൊണ്ട് കൂട്ടിലേക്ക് ഓടുകയും ചെയ്തു.

തുടർന്ന് മൃഗശാല ജീവനക്കാരൻ കരടിക്കുട്ടനിൽ നിന്ന് എങ്ങനെയോ ഫോൺ ഒപ്പിച്ചു കൊണ്ടു വന്ന് ഉടമയെ തിരിച്ചേൽപ്പിച്ചെങ്കിലും അത് പൂർണമായും നശിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇനിമുതൽ സന്ദർശകർ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ പാടില്ലെന്ന് മൃഗശാല അധികൃതർ പുതിയ നിയമം കൊണ്ടു വരികയും ചെയ്തു.

വീഡിയോ കാണാം....