കൊച്ചി: നടൻ കലാഭവൻമണിയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്‌ക്ക് എറണാകുളം സി.ജെ.എം കോടതി അനുമതി നൽകി. നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരടക്കം ഏഴുപേരെയാണ് നുണപരിശോധന നടത്തുക. സി.ബി.ഐ ആവശ്യപ്രകാരമാണ് നുണപരിശോധനയ്‌ക്ക് അനുമതി നൽകിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇവരെ സി.ബി.ഐ നുണപരിശോധനക്ക് വിധേയരാക്കും.
കലാഭവൻ മണിയുടെ അസ്വാഭാവിക മരണശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിനുള്ളിൽ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടർന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്‌ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഫോറൻസിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നൽകിയിരുന്ന ഹർജിയിലാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.