ന്യൂഡൽഹി: ഡൽഹിയിലെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിനെത്തിയ അതിഥികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ കൂട്ടയടി. ഡൽഹി ജനക്പുരിയിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലാണ് സംഭവം.
കല്യാണ വേദിയിൽ ഭക്ഷണം വിളമ്പിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. തർക്കം കൂടിക്കൂടി വന്നപ്പോൾ കല്യാണ വേദി ശരിക്കും ഒരു ഗുസ്തിക്കളമായി മാറുകയായിരുന്നു. ഹോട്ടൽ ജീവനക്കാരെ കുടുംബക്കാർ കൂട്ടം ചേർന്ന് ആക്രമിക്കുകയും തറയിലൂടെ വഴിച്ചിഴയ്ക്കുകയുമൊക്കെ ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വിവാഹ ചടങ്ങിനെത്തിയവർ ഹോട്ടലിലെ വസ്തുവകകൾ അടിച്ചു തകർക്കുകയും ചെയ്തു.
കൂട്ടയടി നടക്കുന്നതിനിടയിലും ഏതോ വിദ്വാൻ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ആക്രമണം രൂക്ഷമായതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി ഒന്നു രണ്ട് പേരെ അറസ്റ്റ് ചെയ്ത ശേഷമാണ് സംഘർഷം അവസാനിച്ചത്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കാണ് കൂടുതൽ മർദ്ദനമേറ്റത്.