ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ച 17 പേരിൽ മലയാളിയായ അമ്മയും രണ്ട് മക്കളും. ചോറ്റാനിക്കര ചേരാനല്ലൂർ സ്വദേശി നളിനി മക്കളായ ജയശ്രീ(48 ), വിദ്യാസാഗർ എന്നിവരാണ് മരിച്ചത്. കരോൾബാഗിലെ അർപിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 4.30നാണ് സംഭവം.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 13 അംഗ മലയാളി സംഘം ഹോട്ടലിലുണ്ടായിരുന്നു. ഇതിൽ 10 പേർ സുരക്ഷിതരാണന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് സംഘം ഹോട്ടലിലെത്തിയത്.
ഹോട്ടലിൽ കുടുങ്ങിയവരിൽ 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപടർന്നത്. ഈ സമയം 60 ലധികം പേരാണ് ഹോട്ടലിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് സുരക്ഷാ സേന എത്തുമ്പോഴേക്ക് തീ പടർന്നിരുന്നതായി ഡൽഹി അഗ്നിശമന സേനാ ഡയറക്ടർ ജി.സി മിശ്ര അറിയിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. സംഭവമറിഞ്ഞയുടൻ 20 ലേറെ ഫയർ എൻജിനുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ആളുകളെ ഹോട്ടലിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.ഏതാണ്ട് 60ഓളം പേർ സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും
മരിച്ച നളിനിയും മക്കളും നാല് ദിവസം മുമ്പാണ് കൊച്ചിയിൽ നിന്നും യാത്ര തിരിച്ചത്. ചേരനല്ലൂർ പൊലീസ് സ്റ്റേഷന് സമീപത്തെ ജയശ്രീയുടെ തറവാട്ട് വീടിൽ ഒത്തു കൂടിയ ശേഷം ട്രെയിൽ മാർഗമാണ് ഡൽഹിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ജയശ്രീയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ വിദേശത്താണ്. മക്കളിലൊരാൾ നാട്ടിലും മറ്റൊരാൾ ബംഗളൂരുവിലുമാണ്. ചോറ്റാനിക്കരയിലെ വീട്ടിൽ പൊലീസ് എത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ച് വിരികയാണ്.തീപിടിത്തത്തിൽ മരിച്ച ജയശ്രീയുടെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നാലെ കാണാതായ അമ്മ നളിനിയുടെയും സഹോദരൻ വിദ്യാസാഗറിന്റെയും മൃതദേഹം കണ്ടെത്തി. ഇവരുടെ ബന്ധു ആശുപത്രിയിലെത്തിയാണ് ദേഹത്തുണ്ടായിരുന്ന ആഭരണങ്ങൾ നോക്കി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.