posco-case-against-imam-s

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാട്ടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ തൊളിക്കോട് മുസ്‌ലിം ജമാഅത്ത് പള്ളി മുൻ ഇമാം ഷെഫീഖ് ഖാസിമിക്കെതിരെ പൊലീസ് കേസെടുത്തു. 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി തൊളിക്കോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസെടുത്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഏറെ വിവാദമായെങ്കിലും പെൺകുട്ടി പരാതി നൽകിയില്ലെന്ന വാദം പറഞ്ഞ് പൊലീസ് കേസെടുത്തിരുന്നില്ല. സംഭവത്തിന് പിന്നാലെ ജമാഅത്ത് കമ്മിറ്റി ഇമാമിനെ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് ഇമാമിനെതിരെ പൊലീസിൽ പരാതി നൽകുവാനും തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്‌ചയാണ് പരാതിക്ക് ആധാരമായ സംഭവം നടക്കുന്നത്. വിതുര പേപ്പാറ വനപ്രദേശത്ത് ഒരു ഇന്നോവ കാറിൽ നിന്നും പെൺകുട്ടിയുടെ നിലവിളി കേട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് ഇയാളെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നത്. സ്‌കൂൾ വിട്ട് വരുന്ന വിദ്യാർത്ഥിനിയെ ഇയാൾ പ്രലോഭിപ്പിച്ച് ഇവിടെ എത്തിക്കുകയായിരുന്നു. നാട്ടുകാർ പെൺകുട്ടിയെപ്പറ്റി ചോദിച്ചപ്പോൾ തന്റെ ഭാര്യയാണെന്നാണ് മറുപടി പറഞ്ഞത്. എന്നാൽ ഇതിനിടയിൽ ഇവിടെ നിന്നും കാറിൽ രക്ഷപ്പെട്ട ഇമാം പിന്നീട് ഒളിവിൽ പോവുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ ഇമാംസ് കൗൺസിലിന്റെ നേതാവായ ഇയാളെ സംഭവത്തിന് പിന്നാലെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.

പ്രതിയെ ഉടൻ കണ്ടെത്തുമെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.