മുംബയ്: രാജ്യം കണ്ട ആഢംബര വിവാഹങ്ങളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാത്തിന് ശേഷം അംബാനി കുടുംബം വീണ്ടുമൊരു വിവാഹത്തിന് കൂടി തയ്യാറെടുക്കുകയാണ്. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടേയും ശ്ലോക മേത്തയുടേയും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇരുവരുടെയും വിവാഹം മാർച്ച് ഒൻപതിന് മുംബയിൽ വച്ചാണ് നടക്കുക. സിദ്ധിവിനായക ക്ഷേത്രത്തിലാണ് മുകേഷ് അംബാനി ആദ്യ ക്ഷണകത്ത് സമർപ്പിച്ചത്.
കഴിഞ്ഞ നവംബറിൽ മക്കളായ ആകാശിന്റെയും ഇഷയുടെയും വിവാഹ ക്ഷണപത്രിക ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചായിരുന്നു മുകേഷ് അംബാനി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്ര സോപാനത്ത് ഉരുളിയിൽ നെയ്യ്, കദളിക്കുല, കാണിക്ക എന്നിവയും സമർപ്പിച്ചിരുന്നു. 2018 ജൂണിൽ അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിലായിരുന്നു ആകാശ്-ശ്ലോക വിവാഹനിശ്ചയം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ആകാശും ശ്ലോകയും സ്‌കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്.
ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലെത്തുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.
സ്വിറ്റ്സർലൻഡിലെ സെന്റ് മോർട്ടിസിലാണ് വിവാഹാഘോഷ പാർട്ടി നടക്കുക. ഫെബ്രുവരി 23 മുതൽ 25 വരെയുള്ള പാർട്ടിയിൽ രൺബീർ കപൂർ, കരൺ ജോഹർ എന്നിവർ ഉൾപ്പെടുന്ന ബോളിവുഡ് താര നിര ഉണ്ടാകും. 500 അതിഥികളാണ് സ്വിറ്റ്സർലൻഡിലെ പാർട്ടിയിൽ ഉണ്ടാവുക. നേരത്തെ ഇഷ അംബാനിയുടെ വിവാഹനിശ്ചയം ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു. തുടർന്ന് ഉദയ്‌പൂരിൽ നടന്ന പ്രീ വെഡ്ഡിംങ് ആഘോഷങ്ങൾക്ക് ശേഷം ആന്റിലയിലായിരുന്നു വിവാഹചടങ്ങുകൾ. ഫാർമസ്യൂട്ടിക്കൽ, റിയൽഎസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിന്റെ മകൻ ആനന്ദാണ് ഇഷയുടെ ഭർത്താവ്.