kunjanathan

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കുഞ്ഞനന്തൻ ജയിലിലെ നല്ലനടപ്പുകാരനെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജയിലിൽ കുഞ്ഞനന്തന് പ്രത്യേക പരിഗണനകളോ ഇളവുകളോ നൽകുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തുടർച്ചയായി പ്രതിക്ക് പരോൾ അനുവദിച്ചതിനെ തുടർന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കുഞ്ഞനന്തൻ നല്ല നടപ്പുകാരനാണെന്ന് നിലപാടുമായി സർക്കാർ കോടതിയിലെത്തിയത്.

കുഞ്ഞനന്ദൻ നല്ല നടപ്പുകാരനാണെന്നും ജയിൽ നടപടികൾ ലംഘിക്കുകയോ അതിന്റെ പേരിൽ നടപടികളെടുക്കേണ്ട സാഹചര്യമോ ഉണ്ടായിട്ടില്ല. ചട്ടപ്രകാരമാണ് കുഞ്ഞനന്ദന് പരോൾ അനുവദിച്ചതെന്നും. ഇതിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതിക്ക് ഒരു വർഷത്തിൽ അറുപതിലധികം സാധാരണ പരോളുകൾ അനുവദിച്ചിട്ടില്ല. ഒരു കലണ്ടർ വർഷത്തിൽ തൊണ്ണൂറ് ദിവസത്തിനുള്ളിലുള്ള പരോൾ ശിക്ഷാകാലമായി പരിഗണിക്കുന്നതാണ് സംസ്ഥാന ജയിൽ ചട്ടമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ടി.പി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കുഞ്ഞന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ചികിത്സക്കായി പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് രണ്ട് തവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കുഞ്ഞനന്തന് മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്നാൽ പോരെയെന്നും,​ ആശുപത്രിയിൽ സഹായിയായി ഒരാളെ നിർത്തിയാൽ പുറത്തു പോകേണ്ട ആവശ്യമുണ്ടോയെന്നുമായിരുന്നു കോടതി അന്ന് ചോദിച്ചത്.