ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ കവാടത്തിലേക്ക് എം.പിയുടെ വാഹനം ഇടിച്ച് കയറിയത് ആശങ്ക പരത്തി. മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് അംഗം തോക്‌ചോം മെയ്‌ന്യയുടെ കാറാണ് പാർലമെന്റ് വളപ്പിലേക്ക് ഇടിച്ചുകയറിയത്. എന്നാൽ സംഭവം നടക്കുമ്പോൾ എം.പി വാഹനത്തിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. 2001ൽ പാർലമെന്റ് ആക്രമണം നടത്തിയ ഭീകരർ പ്രവേശിച്ച അതേ ഗേറ്റ് വഴി എം.പിയുടെ വാഹനം എത്തിയതാണ് ആശങ്കയ്‌ക്ക് കാരണമായി. എന്നാൽ ഗേറ്റിന് മുന്നിലെ ബാരിക്കേഡിൽ തട്ടി വാഹനം നിന്നതോടെ സുരക്ഷാസേന ജാഗരൂകരായി. 2001ന് ശേഷം പാർലമെന്റ് വളപ്പിൽ സംശയാസ്‌പദമായി എന്തുണ്ടായാലും സുരക്ഷാ സേന കനത്ത നടപടികൾ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ ഡിസംബറിൽ സിഗ്‌നൽ തെറ്റിച്ചെത്തിയ ഒരു ടാക്‌സി കാറും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴത്തെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.