കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കുടുംബം ബി.ജെ.പി കുടുംബം' സമ്പർക്ക യജ്ഞത്തിന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുടെ വസതിയിൽ തുടക്കമായി. ദേശീയ നിർവാഹകസമിതി അംഗം സി.കെ. പത്മനാഭനാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന പാർട്ടി പ്രവർത്തകനായ എളമ്പിലാശ്ശേരി ഗോവിന്ദൻ പതാക ഉയർത്തി. പി.എസ്. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കുമെന്ന് മനസിലായതോടെ യെച്ചൂരി- രാഹുൽ കൂട്ടുകെട്ട് കേരളത്തിലേക്ക് വ്യാപിപ്പിക്കുകയാണ് മുല്ലപ്പള്ളിയും കോടിയേരിയും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
2004 ആവർത്തിക്കുമെന്നാണ് സി.പി.എം പറയുന്നത്. അന്ന് എൻ.ഡി.എ ഒരു സീറ്റ് നേടുകയും വോട്ട് വിഹിതം 12 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. പ്രളയകാലത്ത് എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടും കോൺഗ്രസിനെ എവിടെയും കണ്ടില്ല. ആയിരം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കെ.പി.സി.സി വീമ്പ് പറഞ്ഞെങ്കിലും ഒരു വീടുപോലും നിർമ്മിച്ച് നൽകാൻ കഴിഞ്ഞില്ലെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് വി.വി. രാജൻ എന്നിവർ സംസാരിച്ചു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മഹാസമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി ഉള്ളിയേരിയിലെ വീട്ടിൽ പാർട്ടി പതാക ഉയർത്തി.