ലോകഭാഷകളിൽ പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് മലയാളണമാണെന്നാണ് പൊതുവെയുള്ള സംസാരം. ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടുത്തെ ഭാഷ മലയാളികൾ അനായാസം പഠിച്ചെടുക്കുന്നത് ഇതിനുള്ള വ്യക്തമായ ഉദാഹരണമാണെന്നും ചിലർ പറയുന്നു. എന്നാൽ കൂടെയുള്ള മലയാളികളിൽ ഒരാള് പോലും തന്റെ ഭാഷ പഠിക്കാൻ തയ്യാറാകാത്തതോടെ കഷ്‌ടപ്പെട്ട് മലയാളം പഠിച്ചൊരു പാകിസ്ഥാനി പൗരന്റെ കഥ കേട്ടിട്ടുണ്ടോ? ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യു.എ.ഇയിലുള്ള ഒരു കഫ്‌റ്റീരിയയിൽ വച്ച് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ തുടങ്ങുന്നത് തന്നെ വളരെ രസകരമായാണ്. എവിടെയാ ജോലി ചെയ്യുന്നതെന്നും ശമ്പളമൊക്കെ കൃത്യമായി ലഭിക്കുന്നുണ്ടോയെന്നും ചോദിക്കുമ്പോൾ ഇതൊന്നും എവിടെയും വരരുതേ എന്നാണ് ദൃശ്യത്തിലെ വ്യക്തി ആവശ്യപ്പെടുന്നത്. പിന്നാലെ തനിക്ക് ഒമ്പത് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും ഇന്നോ നാളെയോ എല്ലാം ശരിയാകുമെന്ന വാഗ്‌ദ്ധാനത്തിലാണ് ഇക്കാലമത്രയും നിന്നതെന്നും ഇയാൾ പറയുന്നു. മലയാളീസിന്റെ കൂടെയായിരുന്നു ഇത്രയും നാൾ നിന്നത്. അവർക്ക് ഹിന്ദി പഠിക്കാൻ വയ്യാത്തത് കൊണ്ട് താൻ മലയാളം പഠിച്ചതാണെന്നും നല്ല ഒഴുക്കോടെയാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇത് ആരാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. എന്തായാലും അതിർത്തികളുടെ ശത്രുത മാറ്റുന്ന മരുഭൂമി മണ്ണിൽ വച്ച് മലയാളിയുടെ മാതൃഭാഷ പഠിച്ച പാകിസ്ഥാനിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.