പരീക്ഷാക്കാലം എത്തിക്കഴിഞ്ഞു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ടെൻഷൻ കൂടുന്ന കാലം. ഇൗ സമയം ഉറക്കമിളച്ചും ഭക്ഷണം വെടിഞ്ഞും പഠിക്കുന്നത് കുട്ടികളുടെ ശീലമാണ്. എന്നാൽ ഇത് നല്ലതല്ല.
പഠനത്തോടൊപ്പം പ്രധാനമാണ് ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യവും. പരീക്ഷയിൽ നന്നായി ശോഭിക്കാൻ നന്നായി പഠിക്കുന്നതോടൊപ്പം നല്ല ഭക്ഷണവും കഴിക്കേണ്ടതുണ്ട്. പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ ശ്രദ്ധയോടെ ക്രമീകരിക്കണം.
ഏറ്റവും പോഷകമൂല്യമായ പ്രഭാത ഭക്ഷണം തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. ആവിയിൽ വേവിച്ചെടുത്ത ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്.
പാൽ, മുട്ട, പയറുവർഗങ്ങൾ എന്നിവ രക്തത്തിലെ റ്റൈറോസിന്റെ (അമിനോ ആസിഡ്) അളവിനെ വർദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു.
എങ്ങനെ എപ്പോൾ കഴിക്കണം
നാല് നേരം വയറ് നിറയ്ക്കാതെ ഇടവിട്ട് പോഷകമൂല്യമുള്ള ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തുക വഴി കുട്ടി ഉന്മേഷവാനായിരിക്കുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
വെള്ളം അത്യാവശ്യം
ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ജലാംശം ശരീരത്തിൽ കുറഞ്ഞാൽ പഠനത്തെ അത് കാര്യമായി ബാധിക്കും. വെള്ളം ധാരാളം അടങ്ങിയ പഴങ്ങൾ (തണ്ണിമത്തൻ, ഓറഞ്ച്, മധുര നാരങ്ങ) എന്നിവ ഉൾപ്പെടുത്തുക. തിളപ്പിച്ചാറ്റിയ വെള്ളം, പഴച്ചാറുകൾ, നാരങ്ങാവെള്ളം, മോരിൻവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കുടിക്കുക.കുട്ടികൾക്ക് ഒരു ദിവസത്തേക്കുള്ള ഭക്ഷണം ചിട്ടപ്പെടുത്തുമ്പോൾ മാംസ്യത്തിന്റെ സ്ഥാനം ഉറപ്പുവരുത്തണം. പാൽ, മുട്ട, മത്സ്യം (ഒമേഗ 3 അടങ്ങിയ മത്തി, അയല, ചൂര) പയറുവർഗങ്ങൾ എന്നിവ ശരീരകലകളുടെ നിർമ്മാണത്തിന് അനിവാര്യമാണ്. ജീവകം ബി, സി, സിങ്ക് അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു.
(തുടരും)