അത് അപ്രതീക്ഷിതമായിരുന്നു!
''എന്നാലും സ്പാനർ മൂസ ബ്രേക്ക് പെഡലിൽ കാൽ ആഞ്ഞമർത്തി. ഒപ്പം ഹാന്റ് ബ്രേക്കും വലിച്ചുയർത്തി.
റെയ്ഞ്ച് റോവറിന്റെ പിൻചക്രങ്ങൾ റോഡിൽ വട്ടം തിരിഞ്ഞു നിരങ്ങി.
ടയറുകൾ തറയിൽ ഉരഞ്ഞുകത്തുന്നതിന്റെ ഒച്ച രാത്രിയുടെ നിശ്ശബ്ദതയിൽ ഭീതിദമായി ഉയർന്നു.
നിരങ്ങിച്ചെന്ന റെയ്ഞ്ച് റോവർ സ്കോർപിയോയെ മുട്ടി - ഇല്ല എന്ന ഭാവത്തിൽ നിന്നു.
മൂസ അരയിൽ തപ്പി നോക്കി. സ്പാനർ ഭദ്രമായുണ്ട്!
''പാതിരാത്രിക്ക് വണ്ടിക്കു മുന്നിൽ 'അട" വയ്ക്കുന്നോടാ?"
അലറിക്കൊണ്ട് മൂസ റെയ്ഞ്ച് റോവറിന്റെ ഡോർ വലിച്ചുതുറന്ന് റോഡിലേക്കു ചാടി.
കാറിന്റെ ഹെഡ്ലൈറ്റുകൾ അയാൾ അണച്ചിരുന്നില്ല.
ആ വെളിച്ചത്തിൽ കണ്ടു...
മിന്നൽ വേഗത്തിൽ സ്കോർപിയോയുടെ നാലു ഡോറുകളും ഒരേസമയം തുറക്കപ്പെട്ടു.
അതുവഴി ആറുപേർ പുറത്തുചാടി. ഒരു യുവതി ഉൾപ്പെടെ എല്ലാവരുടെയും കയ്യിൽ പിസ്റ്റൾ!
മൂസയ്ക്ക് അപകടം ബോദ്ധ്യമായി.
പിൻതിരിയാനുള്ള നേരം പോലും കിട്ടിയില്ല.
സ്കോർപിയോയുടെ മറുഭാഗത്തെ ഡോർ തുറന്നിറങ്ങിയവരും മുന്നിലൂടെയും പിന്നിലൂടെയും ഇപ്പുറത്തെത്തി.
'റെഡ് ഗ്രൂപ്പിൽ പെട്ട എസ്.ഐമാരായിരുന്നു അത്.
പിങ്ക് പോലീസ് എസ്.ഐ വിജയ അടക്കം!
''മൂസ...." ആർജവ് ഗർജ്ജിച്ചു.
''നീ തലസ്ഥാനത്തു നിന്ന് കുറ്റിയും പറിച്ച് ഇങ്ങോട്ടു പോന്ന സെക്കന്റു മുതൽ നിന്റെ ഓരോ ചലനവും അറിയുന്നുണ്ടായിരുന്നു ഞങ്ങൾ."
മൂസ ഞെട്ടി. അയാളുടെ കൈ അരയിലേക്കു നീണ്ടു.
''നോ." ബഞ്ചമിൻ ഒച്ചവച്ചു:
''നിന്റെ ആ സ്പാനർ അവിടെത്തന്നെ ഇരിക്കട്ടെ. ഏതെങ്കിലും പഴയ നട്ടുകൾ അഴിച്ച് കളിക്കാം നമ്മൾക്ക്."
മൂസ കൈ പിൻവലിച്ചു. അയാളുടെ കൺപോളകൾ പോലും അനങ്ങിയില്ല.
പൊടുന്നനെ ആറ് എസ്.ഐമാരും അയാൾക്കു ചുറ്റും ഒരു വലയം തീർത്തു.
ആറു പിസ്റ്റളുകൾ അയാളുടെ ശരീരത്തിൽ അമർന്നു.
അയാളുടെ നെറ്റിയിൽ, ശിരസ്സിനു പിന്നിൽ... നെഞ്ചിലും പുറത്തും... പിന്നെ കഴുത്തിന്റെ ഇരുവശത്തും.
''ഞങ്ങൾ ഓരോ തവണ ട്രിഗർ അമർത്തിയാൽ.. നിനക്ക് അറിയാമല്ലോ മൂസേ... നിന്റെ ശരീരത്തിൽ എവിടെയൊക്കെ ദ്വാരം വീഴുമെന്ന്?"
വിഷ്ണുദാസ് കടപ്പല്ലമർത്തി.
''ഈ നടുറോഡിൽ നാടകം കളിക്കാനുള്ള നേരം ഞങ്ങൾക്കില്ല... അതുകൊണ്ട് പോകാം."
എസ്.ഐ ബിന്ദുലാൽ അയാളുടെ കൈകൾ പിടിച്ചു പിന്നിലേക്കു തിരിച്ചു. വിജയ അതേരൂപത്തിൽ വിലങ്ങിട്ടു മുറുക്കി.
പെട്ടെന്ന് ഉദേഷ്കുമാർ, സ്പാനർ മൂസയുടെ ശിരസ്സുപിടിച്ച് റെയ്ഞ്ച് റോവറിന്റെ ബോണറ്റിൽ ചേർത്ത് ഒറ്റയിടി.
വണ്ടി ഒന്നു കുലുങ്ങി.
മൂസയുടെ തലച്ചോറിൽ നക്ഷത്രങ്ങൾ മിന്നി. സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ അയാൾ ചുറ്റും പകച്ചുനോക്കി.
പക്ഷേ ഒരു നിലവിളി പോലും അയാളിൽ നിന്ന് ഉണ്ടായില്ല...!
''ഇവനെ നമ്മുടെ വണ്ടിയിൽ കയറ്റ്." ബഞ്ചമിൻ നിർദ്ദേശിച്ചു.
മറ്റുള്ളവർ മൂസയെ സ്കോർപിയോയിൽ കയറ്റി.
ബഞ്ചമിനും വിഷ്ണുദാസും വിജയയും റെയ്ഞ്ച് റോവറിലും മറ്റു മൂന്നുപേർ സ്കോർപിയോയിലും കയറി....
ബഞ്ചമിനായിരുന്നു റെയ്ഞ്ച് റോവറിന്റെ ഡ്രൈവിംഗ് സീറ്റിൽ.
രണ്ട് വാഹനങ്ങളും പത്തനംതിട്ടയ്ക്കു പാഞ്ഞു.
സീറ്റുകൾക്കടിയിൽ പ്ളാറ്റ്ഫോമിലായിരൂന്നു മൂസ.
ആർജവ് ഒരു കാൽകൊണ്ട് അയാളെ ചവുട്ടിപ്പിടിച്ച് ഷർട്ടുയർത്തി അരയിൽ നിന്ന് സ്പാനർ വലിച്ചെടുത്തു.
''നീ എത്രപേരെ ഇതുകൊണ്ട് ആക്രമിച്ചിട്ടുണ്ടെന്ന് കണക്കു വല്ലതും ഉണ്ടോടാ?"
ചോദിച്ചതും അടിയും ഒന്നിച്ച്... തന്റെ തോൾപ്പലക പൊട്ടിയകന്ന വേദനയിൽ ഇത്തവണ നിലവിളിച്ചുപോയി സ്പാനർ മൂസ.
''അപ്പോൾ നിനക്കും വേദനിക്കും. അല്ലേടാ?"
ബിന്ദുലാൽ പിന്നോട്ടുതിരിഞ്ഞ് അയാളെ പരിഹസിച്ചു. മൂസ കടപ്പല്ലുകൾ കടിച്ചമർത്തി....
പത്തനംതിട്ട.
പോലീസിന്റെ അതീവ രഹസ്യമായ ടോർച്ചർ റൂമിൽ ഒരു ചാക്കു കെട്ടുകണക്കെ സ്പാനർ മൂസ ചെന്നു വീണു..
(തുടരും)