മൂന്നാർ: മൂന്നാറിലെ അനധികൃത കെട്ടിട നിർമാണം സംബന്ധിച്ച് ദേവികുളം സബ് കളക്ടർ രേണു രാജിനെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. മൂന്നാർ പഞ്ചായത്ത് കെട്ടിട നിർമ്മാണം നിയമങ്ങൾ ലംഘിച്ചാണെന്നും സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ആ ഭൂമി മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം.
മുതിരപ്പുഴയാറിൽ നിന്നും 50 മീറ്റർ മാറി വേണം നിർമ്മാണങ്ങൾ എന്ന നിയമം പാലിച്ചിട്ടില്ലെന്നും ആറ് മീറ്റർ പോലും ദൂരത്തല്ല കെട്ടിടമെന്നും കളക്ടർ വിശദമാക്കുന്നു. തന്നെ അപമാനിച്ചുവെന്ന് സബ് കളക്ടർ റിപ്പോർട്ട് ചെയ്‌തിരുന്നതായും കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘മൂന്നാറിൽ നിർമാണ പ്രവർത്തനം നടത്താൻ റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്നതുവരെ നിർമാണം നടത്താൻ കഴിയില്ല എന്ന് സബ്കളക്ടർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ സബ്കളക്ടർ ഫോണിൽ വിളിച്ച് പണി നിറുത്തിവയ്ക്കാൻ നിർദേശിച്ചിരുന്നു. പൊലീസ് ഇടപെടലിൽ പണി നിറുത്തി. എന്നാൽ, ദേവികുളം എം.എൽ.എ സ്ഥലത്തെത്തി പണി പുനഃരാരംഭിക്കാൻ നിർദേശിക്കുകയും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ശകാരിക്കുകയും പണി ആരു തടയും എന്നു വെല്ലുവിളിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.