mk
mk

മാഡ്രിഡ്: കുട്ടിക്കാലത്ത് കളിക്കട്ട കൊണ്ട് (പ്ളാസ്റ്റിക് ബ്രിക്സ് )​ കെട്ടിടം ഉണ്ടാക്കി കളിക്കാത്തവർ ചുരുക്കമാണ്. എന്നാൽ സ്പെയിനിലെ അൻഡോറ സ്വദേശിയായ ഡേവിഡ് അഗ്ളയറിന് ഈ കളിക്കട്ടകളാണ് ജീവിതം. വലംകൈയില്ലാതെ പിറന്നുവീണ ഡേവിഡ് തന്റെ ഒമ്പതാമത്തെ വയസിൽ കളിക്കട്ടകൊണ്ട് കൈപോലെയൊരു രൂപം നിർമ്മിച്ചു. വീട്ടുകാർ അന്ന് ചിരിച്ച് തള്ളിയെങ്കിലും ഡേവിഡിന് അത് കുട്ടിക്കളിയായിരുന്നില്ല. അവൻ ആ കട്ടകൾ കൊണ്ട് പരീക്ഷണം തുടർന്നു. ഇന്ന് അവന് പ്രായം പത്തൊമ്പതായി. വലതുകൈയുടെ സ്ഥാനത്ത് നല്ല ഒന്നാന്തരം കൃത്രിമക്കൈ ഘടിപ്പിച്ചിട്ടുണ്ട്.അതും സ്വയം നിർമ്മിച്ചത്. തന്റെ പ്രിയ കളിപ്പാട്ടമായ പ്ളാസ്റ്റിക് ബ്രിക്സും മോട്ടോറും ബാറ്ററിയുമൊക്കെ കൊണ്ടാണ് നിർമ്മാണം.

mk3
mk 3

കൃത്രിമക്കൈ ഉപയോഗിച്ച് ഭാരം എടുക്കാനും അനായാസം ചലിപ്പിക്കാനുമൊക്കെയാകും. യു.ഐ.സി ബാഴ്സലോണയിൽ ബയോ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് ഡേവിഡ്. സൂപ്പർഹീറോയായ അയൺമാനിന്റെ വലിയ ഫാനായ ഡേവിഡ് തന്റെ കൃത്രിമക്കൈയ്ക്കും സിനിമയിലെ സ്യൂട്ടിന്റെ പേരാണ് നൽകിയിരിക്കുന്നത്- എം.കെ.

എം.കെ വേർഷൻ 3 എന്നാണ് ഇപ്പോൾ ഉപയോഗിക്കുന്ന കൈയുടെ പേര്. ഇതിൽ ഖനനം ചെയ്യാൻ ഉപയോഗിക്കുന്ന ചില യന്ത്രങ്ങളുടെ ഭാഗം കൂടി ചേർത്തിട്ടുണ്ടെന്ന് ഡേവിഡ് പറയുന്നു.

ഇതുവരെ നിർമ്മിച്ച മൂന്ന് വേർഷൻ കൃത്രിമക്കൈകളും ഡേവിഡ് തന്റെ ഹോസ്റ്റൽ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

പഠനം പൂർത്തിയാക്കിയ ശേഷം തന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ കൃത്രിമക്കൈകൾ നിർമ്മിച്ചുകൊടുക്കണമെന്നാണ് ഡേവിഡിന്റെ ആഗ്രഹം.

കുട്ടിക്കാലത്ത് മറ്റുള്ളവരെ അഭിമുഖീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ അക്കാരണത്താൽ സ്വപ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഞാൻ തയ്യാറല്ലായിരുന്നു. മറ്റുള്ളവരെപ്പോലെ ആത്മവിശ്വാസത്തോടെ എനിക്കും ജീവിക്കണം.

- ഡേവിഡ് അഗ്ളയർ

mk
mk