kaumudy-news-headlines

1. മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തള്ളി സി.പി.എം. ദേവീകുളം സബ്കളക്ടര്‍ക്ക് എതിരായ പരാമര്‍ശം അനുചിതം എന്ന് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഖേദപ്രകടനം നടത്തിയപ്പോഴും എം.എല്‍.എ സ്വീകരിച്ചത് തെറ്റായ നിലപാട് എന്ന് മന്ത്രി എം.എം. മണി. ശിക്ഷാ നടപടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും എന്നും ജില്ലാ സെക്രട്ടേറിയറ്റ്

2. സ്ത്രീ ശാക്തീകരണം മുഖമുദ്ര ആക്കിയ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എം.എല്‍.എയുടെ നടപടി. കോണ്‍ഗ്രസ് ഡി.സി.സി അംഗം പഞ്ചായത്ത് പ്രസിഡന്റ് ആയ മൂന്നാറില്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആണ് ജനപ്രതിനിധി എന്ന നിലയില്‍ എം.എല്‍.എ ചെയ്യേണ്ടി ഇരുന്നത്. എസ്. രാജേന്ദ്രന്‍ എത്താതിരുന്നാല്‍ അദ്ദേഹം കൂടിയുള്ള കമ്മിറ്റിയില്‍ ആയിരിക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക

3. അതിനിടെ, മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിന് എതിരെ എ.ജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ദേവീകുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍ കക്ഷികള്‍ ആക്കി ആണ് ഹര്‍ജി നല്‍കി ഇരിക്കുന്നത്. റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ നിയമ ലംഘനം നടത്തി എന്നാവും ചൂണ്ടിക്കാട്ടുക

4. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മുന്‍ ഇമാമിന് എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്. വിതുര പൊലീസ് പോക്‌സോ ചുമത്തിയത് തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയ്ക്ക് എതിരെ. നടപടി, തൊളിക്കോട് മുസ്ലീം പള്ളി പ്രസിഡന്റ് നല്‍കിയ പരാതിയില്‍. പീഡന പരാതിയെ തുടര്‍ന്ന് ഇയാളെ പള്ളി ഇമാം സ്ഥാനത്ത് നിന്ന് മാറ്റി

5. ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന 14കാരിയെ സ്വന്തം ഇന്നോവ കാറില്‍ കയറ്റി വന മേഖലയിലേക്ക് കൊണ്ടു പോകുക ആയിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഖാസിമിയോടൊപ്പം 14കാരിയെ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ വാഹനം തടഞ്ഞ് നിറുത്തി ചോദ്യം ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവ്യത്തിയിലും ദുരൂഹത തോന്നിയതിന് പിന്നാലെ ആണ് ഇമാം കൗണ്‍സിലും നടപടി സ്വീകരിച്ചത്

6. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.പി കുഞ്ഞനന്ദനെ പിന്തുണച്ച് വീണ്ടും സര്‍ക്കാര്‍. കുഞ്ഞനന്തന്‍ ജയിലില്‍ നല്ല നടപ്പുകാരന്‍ എന്ന് സര്‍ക്കാര്‍. പരോള്‍ അനുവദിച്ചത് നിയമാനുസൃതമായിട്ടാണ്. കുഞ്ഞനന്തന് പരോള്‍ നല്‍കിയതിന് എതിരെ കെ.കെ രമ നല്‍കിയ ഹര്‍ജി അനാവശ്യമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍

7. കുഞ്ഞനന്തന്‍ പ്രശ്നക്കാരനായ തടവുകാരനല്ല. ശിക്ഷ പറഞ്ഞതിന് ശേഷം ഇതുവരെ കുഞ്ഞനന്തന് എതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇതുവരെ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിന് എതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ചികിത്സ നടത്താന്‍ പരോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നാലെ ആണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ വീണ്ടും പിന്തുണച്ചത്

8. സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കുലര്‍ പുറത്തിറക്കി പൊതുഭരണ സെക്രട്ടറി. രാവിലെ 9മണിക്ക് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പുറത്തു പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാരായ ജീവനക്കാരെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തും. ഇവര്‍ക്ക് എതിരെ ഗുരുതരമായ അച്ചടക്ക ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍

9. നേരത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ പരിശ്രമിച്ച ഉദ്യോഗസ്ഥന്‍ ആണ് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. കഴിഞ്ഞയാഴ്ച പൊതു ഭരണ വകുപ്പിന്റെ അധിക ചുമതല ലഭിച്ചതിന് പിന്നാലെ ആണ് പുതിയ സര്‍ക്കുലര്‍

10. പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അമ്പാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിന് പിന്നാലെ, കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാറില്‍ ഇന്ത്യയും ഫ്രഞ്ച് സര്‍ക്കാരും ഒപ്പു വയ്ക്കും എന്ന് 10 ദിവസം മുന്‍പ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞു എന്ന് ചോദ്യം. പ്രതിരോധ മന്ത്രിക്കോ സെക്രട്ടറിക്കോ അറിയാത്ത കാര്യം രാജ്യസുരക്ഷയെ പോലും അവഗണിച്ച് അംബാനിക്ക് ചോര്‍ത്തി നല്‍കിയത് നരേന്ദ്രമോദി എന്നും വെളിപ്പെടുത്തല്‍

11. റഫാല്‍ കരാറില്‍ പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ നരേന്ദ്രമോദിക്ക് എതിരെ വിശദമായ അന്വേഷണം നടത്തണം. വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ സുരക്ഷ അവതാളത്തില്‍ ആക്കിയ മോദിക്ക് എതിരെ കേസ് എടുക്കണം എന്നും രാഹുല്‍. റഫാല്‍ കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിനെയും രാഹുല്‍ വിമര്‍ശിച്ചത് രൂക്ഷമായ ഭാഷയില്‍

12. റഫാലുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട് അല്ല പകരം ചൗക്കീദാര്‍ ഓഡിറ്റ് എന്ന് ആക്ഷേപം. റഫാല്‍ കരാറില്‍ ഭാഗമായിരുന്ന ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സി.എ.ജി റിപ്പോര്‍ട്ട് ആയി സമര്‍പ്പിക്കുന്നത്. ഇത് നരേന്ദ്രമോദിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നും കൂട്ടിച്ചേര്‍ക്കല്‍