manohar-parikar

പനാജി: റിസോർട്ട് നിർമിക്കാൻ വനം നശിപ്പിച്ചെന്ന കേസിൽ ഗോവ മുഖ്യമന്ത്റി മനോഹർ പരീക്കറിന്റെ മകൻ ആഭിജാത് പരീക്കർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി നശിപ്പിച്ച കേസിലാണ് ആഭിജാതും ചീഫ് സെക്രട്ടറിയും വനം പരിസ്ഥിതി സെക്രട്ടറിയും പ്രിൻസിപ്പൽ ചീഫ് കൺസർവേ​റ്ററും ഉൾപ്പെടെ 11 പേർക്ക് കോടതി നോട്ടീസയച്ചത്.

റിസോർട്ട് നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതർ നൽകിയ ഹർജിയിലാണ് നോട്ടീസ്. ഹൈഡ് എവേ എന്ന പേരിൽ എക്കോ റിസോർട്ട് നിർമിക്കാൻ വനം നശിപ്പിച്ചുവെന്നും നിർമാണം വേഗത്തിലാക്കാൻ സഹായിക്കുന്ന നിരവധി ബൈലാകൾ പാസാക്കിയെന്നും പരാതിയിൽ പറയുന്നു. നിർമ്മാണം 'ഫാസ്​റ്റ് ട്രാക്കി'ൽ നടത്താൻ ബി.ജെ.പി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെന്നും പനാജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ പറയുന്നു.