akhilesh-yadav
akhilesh yadav

ലഖ്നൗ: അലഹബാദ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു. വിമാനത്തിൽ കയറാൻ മുതിർന്ന ഉദ്യോഗസ്ഥർ അനുവദിക്കാത്തതിനെത്തുടർന്ന് അഖിലേഷ് രണ്ടു മണിക്കൂറോളം ഉദ്യോഗസ്ഥരോട് തർക്കിച്ചു. ഒടുവിൽ തിരികെ മടങ്ങേണ്ടി വന്നു. തന്റെ ദേഹത്തുനിന്ന് കൈയെടുക്കാൻ അഖിലേഷ് ചില ഉദ്യോഗസ്ഥരോട് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിദ്യാർത്ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് അഖിലേഷ് അലഹബാദ് യൂണിവേഴ്സിറ്റിയിലേക്ക് പോകാനൊരുങ്ങിയത്. എന്നാൽ, രാഷ്ട്രീയക്കാർക്ക് സർവകലാശാലയിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് അലഹബാദ് സർവകലാശാല അധികൃതർ കഴിഞ്ഞ ദിവസം അഖിലേഷ് യാദവിന്റെ പേഴ്സണൽ സെക്രട്ടറിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് അനുമതി നിഷേധിച്ചതെന്ന് പ്രയാഗ്‌‌‌രാജ് പൊലീസ് പറഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഛാത്ര സഭയാണ് സർവകലാശാല യൂണിയൻ ഭരിക്കുന്നത്. അഖിലേഷിന്റെ സന്ദർശനത്തിനെതിരെ എ.ബി.വി.പി കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വിമാനത്താവളത്തിൽ അഖിലേഷിനെ തടഞ്ഞുവച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സമാജ്‌വാദി പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിലെത്തി മുദ്രാവാക്യം മുഴക്കി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. അതേസമയം യു.പി നിയമസഭയിൽ ഈ പ്രശ്‌നമുയർത്തി എസ്.പി അംഗങ്ങൾ ബഹളം വച്ചു.

അഖിലേഷിനെ തടഞ്ഞത് ജനാധിപത്യവിരുദ്ധ നടപടിയാണ്. എസ്.പി- ബി.എസ്.പി സഖ്യത്തെ ഭയക്കുന്നതുകൊണ്ടാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.

-ബി.എസ്.പി നേതാവ് മായാവതി

ഭയം മൂലമാണ് ഉത്തർപ്രദേശ് സർക്കാർ തന്നെ തടഞ്ഞത്.

-അഖിലേഷ് യാദവ്