അഗർത്തല: റബ്ബർ ഉൽപ്പാദനത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ത്രിപുര മുഖ്യമന്തി ബിപ്ളബ് ദേവ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനമാണ് ത്രിപുര. കേരളത്തിന്റെ ഉൽപ്പാദന രീതി നമ്മൾ പിന്തുടരണമെന്ന് ബിപ്ളബ് ദേവ് പറഞ്ഞു. നിലവിൽ 65,330 ടൺ റബ്ബറാണ് ത്രിപുരയിൽ ഉൽപ്പാദിപ്പിക്കുന്നത്.
'കേരളത്തിന്റെ സാങ്കേതിക വശങ്ങൾ റബ്ബറിന്റെ കാര്യത്തിൽ നമ്മൾ പിന്തുടരണം. ഏത് കാലാവസ്ഥയിലും നമുക്ക് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിയണം, നഷ്ടം കൂടാതെ റബ്ബർ പാൽ എടുക്കാനും അനുബന്ധ ഉൽപന്നങ്ങൾ ശേഖരിക്കാനും നമുക്ക് പറ്റണമെന്നും' ബിപ്ളബ് ദേവ് കൂട്ടിച്ചേർത്തു. ത്രിപുര വനവികസന പ്ലാന്റേഷൻ കോർപ്പറേഷനാണ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കേരളത്തിന്റെ മാതൃക തുടർന്നാൽ ത്രിപുരയിലെ റബ്ബർ ഉൽപ്പാദനം വർദ്ധിക്കാൻ തീർച്ചയായും കഴിയും. ഒാഹരി ഉടമകളുമായി ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ 30 ശതമാനമെങ്കിലും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.