manju-warrier

തൃശൂർ: വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന വയനാട്ടിലെ ആദിവാസികളുടെ ആരോപണത്തിന് വിശദീകരണവുമായി നടി മഞ്ജുവാര്യർ രംഗത്ത്. ആദിവാസികൾ ഉന്നയിക്കുന്ന ആരോപണം തീർത്തും തെറ്റാണെന്ന് മഞ്ജുവാര്യർ പറഞ്ഞു. പദ്ധതിക്ക് വേണ്ടി ഒരു സർവേ നടത്തിയിരുന്നു. ഒരാൾക്ക് ഒറ്റയ്‌ക്ക് ചെയ്‌തു തീർക്കാവുന്ന ദൗത്യമല്ല അതെന്നാണ് സർവേയിൽ ബോദ്ധ്യപ്പെട്ടത്. ഈ വിവരം അന്നേ സർക്കാരിനെ അറിയിച്ചിരുന്നു മഞ്ജു കൂട്ടിച്ചേർത്തു.

സർക്കാരിന് അത് ബോദ്ധ്യപ്പെട്ടതുമാണ്. ഏതെങ്കിലും വ്യക്തികൾക്ക് അങ്ങനെ പദ്ധതി നടപ്പാക്കാൻ സർക്കാർ നിയമങ്ങൾ അനുവദിക്കുന്നുമില്ല. ഈ വാർത്ത പുറത്തുവന്ന തിങ്കളാഴ്ച തന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാൽ മറ്റ് വികസന പദ്ധതികളിൽ നിന്ന് വയനാട്ടിലെ ആദിവാസികൾ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണെന്നും മഞ്ജു വാര്യർ അറിയിച്ചു. ദുരുദ്ദേശ്യത്തോടെ ആദിവാസി സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അണിനിരത്തുകയാണെന്നും മഞ്ജു വ്യക്തമാക്കി.

മഞ്ജുവാര്യർ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആക്ഷേപവുമായി വയനാട്ടിലെ പരക്കുനി കോളനിയിലെ ആദിവാസികളാണ് രംഗത്തെത്തിയത്. ഇതിനെ തുടർന്ന് മഞ്ജുവാര്യരുടെ തൃശൂരിലെ വീടിന് മുന്നിൽ ഫെബ്രുവരി 13 ന് കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി മഞ്ജു വാര്യർ രംഗത്തെത്തിയത്.