rahul

ന്യൂഡൽഹി:റാഫേൽ യുദ്ധവിമാനക്കരാറിന്റെ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോ‌ദി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് റിലയൻസ് കമ്മ്യൂണിക്കേഷൻസ് മേധാവി അനിൽ അംബാനിക്ക് നൽകിയതായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.

രാഹുലിന്റെ വാദങ്ങൾ ഇങ്ങനെ

2015 ഏപ്രിൽ എട്ടിന് പ്രധാനമന്ത്രിയുടെ സന്ദർശനം വിശദീകരിച്ച പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ റാഫേൽ കരാർ സാദ്ധ്യത തള്ളിയിരുന്നു. ഒരു ഫ്രഞ്ച് കമ്പനിയും പ്രതിരോധമന്ത്രാലയവും എച്ച്.എ.എല്ലും തമ്മിൽ ചർച്ച നടക്കുന്നുവെന്നു മാത്രമാണ് പറഞ്ഞത്. 63,000 കോടി രൂപയുടെ റാഫേൽ കരാർ ഒപ്പിട്ട ശേഷവും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അറിഞ്ഞില്ല. എച്ച്.എ.എല്ലിനെ ഒഴിവാക്കിയതും ആരും അറിഞ്ഞില്ല. എന്നാൽ കരാർ ഒപ്പിടുമെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഒാഫീസിലെ ചർച്ചയിൽ അനിൽ അംബാനി പറയുന്നു. പ്രതിരോധമന്ത്രിയും വിദേശകാര്യ സെക്രട്ടറിയും അറിയാത്ത വിവരം അനിൽ അംബാനിക്ക് എങ്ങനെ കിട്ടി? മോദി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് ഈ വിവരങ്ങൾ അംബാനിക്ക് നൽകി. അതിന് മോദിക്കെതിരെ
കേസെടുക്കണം. പ്രധാനമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി. അനിൽ അംബാനിക്കു വേണ്ടി പ്രധാനമന്ത്രി ചാരപ്രവർത്തനം നടത്തി. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതിനാൽ സി.എ.ജി റിപ്പോർട്ടിലും കാര്യമില്ല. അനിൽ അംബാനിക്ക് 30,000 കോടി ലാഭമുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ചർച്ച നടത്തിയതും പ്രതിരോധ ഇടപാടുകളിലെ അഴിമതി വിരുദ്ധ ചട്ടങ്ങളിൽ ഇളവു നൽകിയതും ഇപ്പോൾ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതും അഴിമതിയുടെ വ്യക്തമായ തെളിവാണ്.