ന്യൂഡൽഹി: ഫ്രഞ്ച് സർക്കാരിൽ നിന്നും ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള റാഫേൽ കരാറിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതികൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. യു.പി.എ കാലത്തുണ്ടായിരുന്ന കരാറിനേക്കാൾ മോശമായ വ്യവസ്ഥകളാണ് ഇപ്പോഴത്തെ കരാറിലുള്ളതെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ചർച്ചാ സംഘത്തിലെ മൂന്ന് അംഗങ്ങൾ രേഖാമൂലം നൽകിയ പരാതി ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടു. ഏഴംഗ സംഘത്തിലെ മൂന്ന് പേരാണ് കരാറിലെ ചില വ്യവസ്ഥകൾ ശരിയല്ലെന്ന് കാട്ടി രേഖാമൂലം പരാതി നൽകിയത്.
റാഫേൽ കരാർ ഒപ്പിടുന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് അനിൽ അംബാനിയെ അറിയിച്ചിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നിലനിൽക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട വിഷയം ഏറ്റെടുത്ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി റാഫേൽ ഇടപാടിൽ അനിൽ അംബാനിയുടെ ഇടനിലക്കാരനും ചാരനുമായി പ്രധാനമന്ത്രി മോദി പ്രവർത്തിച്ചെന്ന് ആരോപിച്ചു. അനിൽ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് തെളിയിക്കുന്ന ഇ - മെയിലിന്റെ പകർപ്പും രാഹുൽ പുറത്തുവിട്ടു.
2015 ഏപ്രിൽ 9ന് തുടങ്ങിയ ഫ്രഞ്ച് പര്യടനത്തിലാണ് പ്രധാനമന്ത്രി 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ചത്. അതിന് പത്തു ദിവസം മുൻപേ ഫ്രാൻസിൽ എത്തിയ അനിൽ അംബാനി മുൻ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീയാൻ വെസ് ലെഡ്രിയാനെ പാരീസിലെ ഒാഫീസിൽ കണ്ട് ചർച്ച നടത്തി. ലെഡ്രിയാന്റെ പ്രത്യേക ഉപദേഷ്‌ടാവ് ജിയാൻ ക്ളോദ് മാലെ, വ്യവസായ ഉപദേശകൻ ക്രിസ്റ്റോഫെ സോളോമൻ, സാങ്കേതിക ഉപദേഷ്‌ടാവ് ജെഫ്രി ബൊക്കോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ക്രിസ്റ്റോഫെ സോളോമനിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശദീകരിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയർബസിന്റെ പ്രതിനിധി നിക്കോളാസ് ചാമൂസി 2015 മാർച്ച് 28ന് അയച്ച ഇ - മെയിലിലാണ് ചർച്ചയെക്കുറിച്ച് പറയുന്നത്.