ആലപ്പുഴ: വയോധികനായ പിതാവിനെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മകൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ആലപ്പുഴ സനാതനം വാർഡിൽ നീലിക്കാട്ട് ഹൗസിൽ എൻ.എം.സുഗതൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. കെ.എസ്.ആർ.ടി.സിയിലെ ചെക്കിംഗ് ഇൻസ്‌പെക്ടറായിരുന്ന സുഗതൻ മകനോടൊപ്പമാണ് താമസിച്ചുവരുന്നത്. പ്രായാധിക്യത്താലുള്ള രോഗങ്ങളാൽ ചികിത്സയിലായിരുന്ന സമയത്ത് പിണങ്ങി കഴിഞ്ഞിരുന്ന മകൾ എൻ.എസ്.സംഗീത ശുശ്രൂഷിക്കാനെന്ന ഭാവേന അടുത്തുകൂടുകയും ആശുപത്രി ചെലവിനെന്ന് പറഞ്ഞ് പിതാവിനെക്കൊണ്ട് ബ്ളാങ്ക് ചെക്കുകളിൽ ഒപ്പിട്ടു വാങ്ങി. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് പലപ്പോഴായി 17,62,350 രൂപയും കെ.എസ്.എഫ്.ഇ വെള്ളക്കിണർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 63,850 രൂപയും കെ.എസ്.എഫ്.ഇ മുല്ലയ്ക്കൽ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 19,900 രൂപയും പിൻവലിച്ചു. ഇതിനുപുറമേ സുഗതന് പെൻഷൻ ഇനത്തിൽ കിട്ടിയ 76,800 രൂപയും ഉൾപ്പെടെ 19,22,990 രൂപ കബളിപ്പിച്ചെടുത്തുവെന്നാണ് കേസ്.
വിദേശത്തായിരുന്ന മകൻ തിരിച്ചെത്തിയപ്പോൾ പിതാവ് നൽകിയ ചെക്കുമായി ബാങ്കിൽ ചെന്നപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിഞ്ഞത്. തുടർന്ന് സുഗതൻ അഡ്വ. വി.എൻ.കിരൺലാൽ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം ആലപ്പുഴ നോർത്ത് പാെലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.