ഇടുക്കി: യുവ ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ പുറകിൽ നിന്നും വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. മൂന്നാർ - മാട്ടുപെട്ടി റോഡിലെ കെ.ഫ്.ഡി.സി ഉദ്യാനത്തിന് സമീപം ഞായറാഴ്‌ചയാണ് അപകടം നടന്നത്.
പരിക്കേറ്റ ജയശ്രീയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ ജയശ്രീ ഇപ്പോഴും ഇവിടെ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു. പരിക്ക് ഗുരുതരമല്ലെന്നും ഉടൻ തന്നെ താരത്തിന് ആശുപത്രി വിടാനാവുമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. നിത്യഹരിത നായകൻ, 1984 കാലം പറഞ്ഞത് എന്നീ സിനിമകളിൽ നായികയായി വേഷമിട്ട ജയശ്രീ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ചെയ്‌ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.