ready-to-contest-in-loksa

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആരൊക്കെ എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ എല്ലാ പാർട്ടികളും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പിക്ക് വേണ്ടി മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്നാണ് കേൾക്കുന്നത്. ഇത്തവണ എങ്ങനെയെങ്കിലും കേരളത്തിൽ നിന്ന് സീറ്റ് നേടണമെന്ന് ആഗ്രഹിക്കുന്ന ആർ.എസ്.എസ് നേതൃത്വം കുമ്മനത്തെ രംഗത്തിറക്കുന്നതിന് പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്. സംഘടന ആവശ്യപ്പെടുമെങ്കിൽ താൻ ഗവർണർ സ്ഥാനം രാജിവച്ച് സംഘടനാ പ്രവർത്തനത്തിലേക്ക് മടങ്ങാൻ ഒരുക്കമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കുമ്മനം രാജശേഖരൻ. ഒരു മലയാളം ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കുമ്മനം തന്റെ മനസ് തുറന്നത്.

പെട്ടെന്ന് ഒരു ദിവസം വലിച്ചെറിഞ്ഞ് രാജിവച്ചൊഴിഞ്ഞ് പോരാവുന്ന പദവിയല്ല ഇപ്പോഴത്തേതെന്ന് കുമ്മനം പറയുന്നു. ഇക്കാര്യത്തിൽ ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിക്കണം. കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണം. മാത്രവുമല്ല പകരക്കാരനെ കണ്ടെത്തുകയും വേണം. അത്ര എളുപ്പമല്ല. ഗവർണറായതും ആഗ്രഹിച്ചിട്ടല്ല. സംഘടന ഏൽപ്പിച്ച ചുമതല നിർവഹിക്കുന്നു. സംഘടനയ്‌ക്ക് വേണ്ടി സ്വയം സമർപ്പിച്ചവനാണ് ഞാൻ. എന്റെ വ്യക്തിപരമായ ഇഷ്‌ടങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. തിരിച്ചുവരാനും പഴയപോലെ സംഘടനാ പ്രവർത്തനം നടത്താനും തയ്യാറാണ്. പക്ഷേ സംഘടന തീരുമാനിക്കണം. പണ്ടൊക്കെ എവിടെയും പോവാമായിരുന്നു. ആരെയും കാണാനും പറ്റുമായിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ നിരവധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.