തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും തൊളിക്കോട് മുസ്‌ലിം ജമാഅത്ത് മുൻ ഇമാമുമായ ഷെഫീഖ് അൽ ഖാസിമി ഒളിവിലാണെന്ന് പൊലീസ്. ഇയാൾ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇമാമിന്റെ ജന്മസ്ഥലമായ ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ദിവസം പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ബന്ധുക്കളുടെ വീടുകളിലും പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് ഇയാളുടെ അഭിഭാഷകൻ വഴി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഇമാമിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്‌ച നടന്ന സംഭവത്തിൽ ഇന്നലെ മാത്രം കേസെടുത്ത പൊലീസ് ഇമാമിനെ പിടിക്കാതെ ഒത്തുകളിക്കുകയാണെന്ന് നാട്ടുകാരിൽ ഒരുവിഭാഗം ആരോപിക്കുന്നു. ഇമാമിനെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കിൽ ഇക്കാര്യം ഉന്നയിച്ച് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ഇമാമിന് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി പൊലീസ് അറസ്‌റ്റ് വൈകിപ്പിക്കുന്നതാണെന്നും ആരോപണമുണ്ട്.
ഇൗ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വിതുരയിൽ ട്യൂഷന് പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഷെഫീഖ് അൽ ഖാസിമി തന്റെ ഇന്നോവ കാറിൽ കയറ്റുകയായിരുന്നു. പേപ്പാറയ്‌ക്ക് സമീപം പട്ടൻകുളിച്ചപാറ വനമേഖലയിൽ സ്‌കൂൾ യൂണിഫോമണിഞ്ഞ പെൺകുട്ടിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് സമീപവാസിയായ പെൺകുട്ടിയാണ് കണ്ടത്.റോഡിൽ നിന്ന് നൂറു മീറ്റർ ഉള്ളിലേക്കു മാറി കാർ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇത് കണ്ട പെൺകുട്ടി, റോഡിലൂടെ വരികയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയച്ചതിനെ തുടർന്ന് അവരെത്തി കാർ വളഞ്ഞു. കാറിൽ ആരെന്ന് ചോദിച്ചപ്പോൾ ഭാര്യയാണെന്നും, പേപ്പാറയിൽ പോയി മടങ്ങുകയാണെന്നും ഇമാം പറഞ്ഞു. ബലം പ്രയോഗിച്ച് തൊഴിലാളികൾ ഡോർ തുറന്നപ്പോൾ സ്‌കൂൾ വിദ്യാർത്ഥിനിയാണ് അകത്തെന്നു മനസിലായി.തുടർന്ന് കാറിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട്, ഇമാം കാറുമായി കടന്നുകളഞ്ഞു. എന്നാൽ സംഭവം വിവാദമായെങ്കിലും പരാതി നൽകാൻ പെൺകുട്ടിയുടെ കുടുംബം തയ്യാറായിരുന്നില്ല. തുടർന്ന് തൊളിക്കോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.