bjp-candidate-list-from-k

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തായി. ഒരു മണ്ഡലത്തിൽ മൂന്ന് പേരുകൾ അടങ്ങുന്ന പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ബി.ജെ.പി ഏറ്റവും കൂടുതൽ വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡ‌ലമായ തിരുവനന്തപുരത്ത് മിസോറം ഗവർണർ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നൽകിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്‌ണദാസും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രതീക്ഷ അർപ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരിൽ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും എ.എൻ.രാധാകൃഷ്‌ണനുമാണ് സാധ്യത. ഈ മണ്ഡലത്തിൽ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയിൽ പാർട്ടി ജനറൽ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആർ.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.