തിരുവനന്തപുരം : വരുന്ന അദ്ധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ കൃത്യസമയത്ത് അച്ചടിച്ച് തീർക്കാനാവുമോ എന്ന കാര്യത്തിൽ സംശയിച്ച് കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെ.ബി.പി.എസ്). പാഠപുസ്തകങ്ങൾ അച്ചടിക്കാനാവശ്യമായ കടലാസ് വാങ്ങുന്നതിന് സർക്കാർ പണം അനുവദിക്കാത്തതാണ് കെ.ബി.പി.എസിനെ കുഴക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാണ് പുസ്തകം അച്ചടിക്കുവാനുള്ള കടലാസ് വാങ്ങുന്നത്. എന്നാൽ ഇതിനായി 33 കോടി രൂപ ആവശ്യപ്പെട്ടിടത്ത് ഇത് വരെ സർക്കാർ അനുവദിച്ചത് വെറും പത്ത് കോടി മാത്രമാണ്. ഇതിനാൽ ഇതിനകം പൂർത്തീകരിക്കേണ്ടതിന്റെ പകുതി മാത്രമാണ് അച്ചടിക്കാനായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദ്യാർത്ഥികൾക്ക് സ്‌കൂൾ തുറന്ന് പകുതിയായിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സി.പി.എം അടക്കമുള്ള പാർട്ടികൾ അന്ന് സ്വീകരിച്ചിരുന്നു. തുടർന്ന് അധികാരത്തിലേറിയ എൽ.ഡി.എഫ് കൃത്യസമയത്ത് പാഠപുസ്തകങ്ങൾ അച്ചടിച്ച് വിദ്യാർത്ഥികളുടെ കൈകളിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇത്തവണ ഈ മികവിന് മങ്ങലേൽക്കുമോ എന്നാണ് സംശയം ഉണർന്നിരിക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ പത്തുവരെയുള്ള പാഠപുസ്തകങ്ങൾ മൂന്നു വാല്യങ്ങളായാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.
ഒന്നാം വാല്യത്തിൽ അച്ചടിക്കുന്നത് 3.25 കോടി പുസ്തകങ്ങളാണ്.