ന്യൂഡൽഹി: റാഫേൽ ഇടപാടിൽ സി.എ.ജി റിപ്പോർട്ട് രാജ്യസഭയിൽ സമർപ്പിച്ചു. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനാണ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്. എന്നാൽ സി.എ.ജി റിപ്പോർട്ടിനെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തുകയായിരുന്നു. കാവൽക്കാരന്റെ റിപ്പോർട്ട് എന്നായിരുന്നു അദ്ദേഹം സി.എ.ജി റിപ്പോർട്ടിനെ കുറിച്ച് പറഞ്ഞത്.
റാഫേൽ കമ്പനി നൽകിയ വിലയേക്കാൾ കുറഞ്ഞ വില മറ്റ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടില്ല. യു.പി.എ ഭരണകാലത്തേക്കാൾ 2.86 ശതമാനം വിലക്കുറവിലാണ് വിമാനങ്ങൾ വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ കരാറിലൂടെ വേഗത്തിൽ വിമാനങ്ങൾ ലഭ്യമാക്കുമെന്നും, ഫ്രാൻസിൽ നിർമ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളിൽ വില വ്യത്യാസമില്ലെന്നും സി.എ.ജി റിപ്പോർട്ടിലുണ്ട്. അതേസമയം വിമാനങ്ങളുടെ അന്തിമ വിലയെ കുറിച്ചുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, റാഫേൽ കരാറിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം നടത്തി. പ്രതിഷേധത്തിൽ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പങ്കെടുത്തു. പാർട്ടി യോഗത്തിന് ശേഷം പാർലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചത്.
തൃണമൂൽ കോൺഗ്രസുമായി സംയുക്തമായാണ് കോൺഗ്രസിന്റെ പ്രതിഷേധം നടത്തിയത്. റാഫേലിൽ മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
റാഫേൽ വിഷയത്തിൽ മോദി ലജ്ജയില്ലാതെ നുണ പറയുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും. മോദിയുടെ അഞ്ച് വർഷത്തെ ദുർഭരണം സമൂഹത്തെ ക്ഷീണിപ്പിച്ചുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയാ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.