sandeepananda-giris-mutt-

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം തിരുമല കുണ്ടമൻകടവിലുള്ള ആശ്രമവും വാഹനങ്ങളും കത്തിനശിപ്പിച്ച കേസിൽ അന്വേഷണം തത്കാലം അവസാനിപ്പിക്കാൻ ഉന്നത നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. തത്കാലം കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശം. അന്വേഷണം അവസാനിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥ‌ർക്ക് അറിയാമെങ്കിലും ഇക്കാര്യം വെളിപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല. കേസിലെ അന്വേഷണം നടക്കുന്നുവെന്നും എന്നാൽ പ്രതികളെക്കുറിച്ച് സൂചനയില്ലെന്നുമുള്ള പതിവ് പല്ലവിയാണ് പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. എന്നാൽ രണ്ട് മാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് കേസ് ഡയറി സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് ഉന്നതർ പറയുന്നത്.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലേക്ക് കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ പുലർച്ചെയാണ് ആക്രമണം നടന്നത്. രണ്ട് കാറുകളും സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ച അക്രമികൾ ആശ്രമത്തിനടുത്ത് റീത്തും വച്ചിരുന്നു. ഏതാണ്ട് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്‌ടമുണ്ടായെന്നും സംഭവത്തിന് പിന്നിൽ സംഘപരിവാറാണെന്നുമാണ് സന്ദീപാനന്ദഗിരിയുടെ ആരോപണം. ശബരിമല യുവതീ പ്രവേശനത്തിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിലാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സ്ഥലത്തെത്തി സംഭവത്തെ അപലപിക്കുകയും ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ ശക്തമായ അന്വേഷണം നടത്തിയെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.