news

1. റഫാല്‍ റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ആണ് റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചത്. വിമാനങ്ങളുടെ വില വിവരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. അതിനിടെ, റഫാല്‍ കരാറിലെ സി.എ.ജി റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം. പാര്‍ലമെന്റിന് പുറത്ത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം. വൈകിട്ട് 3.30ന് രാഹുല്‍ മാദ്ധ്യമങ്ങളെ കാണും


2. റഫാല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചു കൊണ്ടിരിക്കുക ആണ്. കബളിപ്പിത്തല്‍, ഭീഷണി, വഞ്ചന ഇതാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തം. റഫാല്‍ വിഷയത്തില്‍ മോദി ലജ്ജയില്ലാതെ കള്ളം പറയുന്നു. രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുക ആണ്. മോദിയുടെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സമൂഹത്തെ ക്ഷീണിപ്പിച്ചു എന്നും സോണിയയുടെ കുറ്റപ്പെടുത്തല്‍

3. കോണ്‍ഗ്രസ് പ്രതിഷേധം, റഫാല്‍ വിഷയത്തില്‍ ദേശീയ മാദ്ധ്യമം പുതിയ തെളിവുകള്‍ പുറത്തു വിട്ടതിന് പിന്നാലെ. ഇന്ത്യന്‍ ചര്‍ച്ചാ സംഘം റഫാല്‍ കരാറിനോട് വിയോജിച്ചിരുന്നു. ഏഴംഗ സംഘത്തില്‍ മൂന്ന് പേരും വിയോജന കുറിപ്പെഴുതി. യു.പി.എ കാലത്തെ കരാറിനെക്കാള്‍ മികച്ചതെന്ന വാദവും സംഘം തള്ളി. പ്രധാനമായും വിയോജിപ്പ് അറിയിച്ചത് വിലയുടെ കാര്യത്തിലും ഡെലിവറി ഷെഡ്യൂളിന്റെ കാര്യത്തിലും. കുറഞ്ഞ സമയം കൊണ്ട് 36 വിമാനങ്ങളില്‍ 18 എണ്ണം എത്രയും വേഗം കൈമാറുമെന്ന കാര്യം തെറ്റാണെന്നും സംഘം എഴുതിച്ചേര്‍ത്തതായും ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

4. തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തു വിടാന്‍ പൊലീസ് തീരുമാനം. ഒളിവില്‍പോയ ഇയാള്‍ കേരളം വിടാനുള്ള സാധ്യത കൂടി പരിഗണിച്ച് ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തു വിടുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം ആക്കിയതായി പൊലീസ്

5. അന്വേഷണത്തിന്റെ ഭാഗമായി ഇമാമിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെ, ഇമാം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായും വിവരം. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഷഫീക്ക് അല്‍ ഖാസിമിക്ക് എതിരെ പോക്‌സോ നിയമ പ്രകാരം വിതുര പൊലീസ് കേസ് എടുത്തത്

6. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജന്‍. ഒരു കേസ് വരുമ്പോഴേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി. ജയരാജന്‍ മാറേണ്ട കാര്യമില്ല. രാഷ്ട്രീയ എതിരാളികള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ലെന്നും മന്ത്രി. സി.ബി.ഐ നീക്കം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം എന്നും വിലയിരുത്തല്‍

7. ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.എല്‍.എ രാജിവയ്ക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന് മറുപടിയുമായി ടി.വി രാജേഷ്. കേസില്‍പ്പെട്ടവര്‍ എല്ലാം രാജിവയ്ക്കണം എങ്കില്‍ കോണ്‍ഗ്രസ് ആദ്യം എഴുതി വാങ്ങേണ്ടത് ശശി തരൂരിന്റെ രാജി. സി.ബി.ഐ കുറ്റപത്രം രാഷ്ട്രീയ പ്രേരിതം. കേസിനെ നിയമപരമായി നേരിടും എന്നും ടി.വി രാജേഷ് എം.എല്‍.എ

8. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുത് എന്ന് സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ വാദം. സര്‍ക്കാര്‍ എന്തെങ്കിലും പുതിയ മാതൃക മുന്നോട്ട് വയ്ക്കുമോ എന്നത് ശ്രദ്ധേയമാകും

9. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഭരണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മ ഇന്നലെ പുതിയ ശുപാര്‍ശ കോടതിക്ക് കൈമാറിയിരുന്നു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും ക്ഷേത്രം രാജാവിന്റെ അനന്തര അവകാശിക്ക് കൈമാറാന്‍ വ്യവസ്ഥ ഇല്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തം ആകും എന്നും ആയിരുന്നു 2011 ജനുവരി 31-ലെ ഹൈക്കോടതി വിധി

10. കരോള്‍ ബാഗ് തീപിടിത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും വന്‍ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ ആണ് അഗ്നിബാധ ഉണ്ടായത്. ഒന്നേകാലോടെ സ്ഥലത്ത് എത്തിയ 28 അഗ്നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. അഗ്നിബാധ ഉണ്ടായയില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു

11. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങി ഓടിയത് വന്‍ ദുരന്തം ഒഴിവാക്കി എന്ന് അധികൃതര്‍. ഇന്നലെ പുലര്‍ച്ചെ കരോള്‍ ബാഗിലുണ്ടായ തീ പിടിത്തത്തില്‍ മൂന്ന് മലയാളികള്‍ അടക്കം 17 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു

12. അതേസമയം, കരോള്‍ബാഗ് തീ പിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വിദ്യാസാഗറിന്റെയും നളിനി അമ്മയുടെയും സംസ്‌കാരം ചേരനല്ലൂരിലും ജയശ്രിയുടെ സംസ്‌കാരം ചോറ്റാനിക്കരയിലും ആവും നടക്കുക. തീപിടിത്തം ഉണ്ടായ ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെ മനപൂര്‍വം അല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്. അഗ്നിബാധയില്‍ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍