ലക്നൗ: കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിക്ക് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത് ഭാരിച്ച ദൗത്യമാണ്. ഇക്കുറി ലോക് സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് യു.പിയിൽ മാന്യമായ സീറ്റ് ഉറപ്പാക്കുക. ഒപ്പം 2022ലെ തിരഞ്ഞെടുപ്പിൽ യു.പി പിടിക്കുക. പക്ഷേ, തന്റെ മുന്നിലെ ദൗത്യങ്ങളെ കൂളായി കണ്ട് ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന നിശ്ചയദാർഢ്യത്തിലൂന്നി മുന്നോട്ട് പോകുന്ന പ്രിയങ്കയ്ക്ക് അത് സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളും അണികളും കരുതുന്നത്. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിൽ കണ്ടത്.
തന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് തുടക്കം കുറിച്ച് യു.പിയിൽ എത്തിയപ്പോൾതന്നെ അതിനുള്ള ചില ചലനങ്ങൾ യു.പിയിൽ ദൃശ്യമായി. എസ്.പി, ബി.എസ്.പി സഖ്യം കോൺഗ്രസിനെ പരിഗണിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീക്കി തുടങ്ങി. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ എസ്.പി തയാറാകുന്നു എന്ന് സൂചന നൽകുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, യു.പിയിലെത്തിയ പ്രിയങ്ക തന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഗ്രൗണ്ട് ലെവൽ വർക്കിലൂടെ പ്രവർത്തകരുടെ മനമറിഞ്ഞ് തന്ത്രങ്ങൾ രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രിയങ്ക. ലക്നൗവിലെ കോൺഗ്രസ് ഒാഫീസിൽ തന്റെ പ്രവർത്തന മേഖലയ്ക്ക് കീഴെവരുന്ന പ്രദേശങ്ങളിലെ സാധാരണ പ്രവർത്തകരെ കാണുന്ന തിരക്കിലാണ് പ്രിയങ്ക. പതിനാലുവരെ ഇതു തുടരും.
ഒരുകാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടിക്ക് പറ്റിയ പാളിച്ച എന്താണെന്ന് മനസിലാക്കി അത് തിരുത്തി മുന്നേറാനാണ് ശ്രമം.അതിനാണ് പഴയ ജനപ്രതിനിധികളെയും സാധാരണ പ്രവർത്തകരെയും നേരിട്ട് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പൂരിലെയും പ്രവർത്തകരെ കാണുന്നതിനാണ് കൂടുതൽ ശ്രദ്ധ.ഇൗ മണ്ഡലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളിലും പാർട്ടിയെ നയിക്കാൻ ശക്തമായ നേതൃത്വം പോലുമില്ലാത്ത അവസ്ഥയാണ്. ഇത് വളരെ പെട്ടെന്ന് മാറ്റിയെടുക്കാനാവില്ല. ഒാരോ പ്രദേശത്തെയും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കി അതിനുള്ള പോംവഴികൾ അവരിൽ നിന്നുതന്നെ സ്വീകരിച്ച് ജനങ്ങളെ കൈയിലെടുക്കുന്ന ജനകീയ ശൈലിയാണ് പ്രിയങ്കയുടേതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഒരുപക്ഷേ, തിരഞ്ഞെടുപ്പ് പ്രകടന പത്രികപോലും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തയാറാക്കുക.
പുതിയ ഭാവിയും പുതിയ രാഷ്ട്രീയവും തനിക്കൊപ്പം തുടങ്ങാം എന്ന പ്രിയങ്കയുടെ ആഹ്വാനം ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ജനങ്ങൾ മടുത്ത കോൺഗ്രസിന്റെ പഴയ രീതി ഇനി ഉണ്ടാവില്ലെന്ന് ഇതിലൂടെ അവർ ഉറപ്പു നൽകിയിരിക്കുകയാണ്. ഇത് ജനങ്ങളെ കോൺഗ്രസിനോട് അടുപ്പിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.