റാന്നി : വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് തോക്കും പിടിച്ച് മുണ്ട് മടക്കി നടക്കുന്ന ഒരു യുവാവിന്റെ രൂപം. മുഖം പോലും വ്യക്തമായി തെളിയാത്ത ചിത്രത്തിൽ ആകെയുള്ളത് തോക്കും കൈയ്യിലെ ചരടും. പക്ഷേ നമ്മുടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ഇത് തന്നെ പ്രതിയെ പിടിക്കാൻ ധാരാളം. പെരിയാർ റിസർവ് വനത്തിലെ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആളുമാറി അർദ്ധരാത്രി വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദിച്ചതായി പരാതി. എയ്ഞ്ചൽവാലി വേലംപറമ്പിൽ രതീഷാണ് മർദനമേറ്റന്ന പരാതിയുമായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും വനപാലകർ കൂട്ടിക്കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
കൈയിൽ രണ്ട് ചരടുകൾ കെട്ടി മുണ്ടു മടക്കിക്കുത്തി നീങ്ങുന്ന രൂപം പെരിയാർ റിസർവ് വനത്തിലെ മുക്കുഴിയിലെ കാനന പാതയിൽ സ്ഥാപിച്ച് ക്യാമറയിൽ നിന്നുമാണ് ലഭിച്ചത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി അത് രതീഷാണെന്ന് മനസിലാക്കി വിളിച്ച് കൊണ്ട് പോവുകയായിരുന്നു. എന്നാൽ സുഹൃത്തിനെ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്നും സ്‌റ്റേഷനിലെത്തിച്ച ശേഷം ദൃശ്യത്തിലെ വ്യക്തിയാണെന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ട് മർദ്ദിച്ചുവെന്നുമാണ് രതീഷ് പറയുന്നത്.