india

ശ്രീനഗർ: അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചു. കാശ്മീർ ഗോപാൽപുരയിൽ ബുധനാഴ്ച രാവിലെ നടന്ന തിരച്ചിലിനൊടുവിലാണ് തീവ്രവാദികളെ വെടിവച്ച് കൊന്നത്. വധിച്ചതിൽ ഒരാൾ ലഷ്കറെ ത്വയ്ബ കമാൻഡർ അബു മാസാണെന്ന് തിരിച്ചറിഞ്ഞു.

കാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഗോപാൽപുര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ സുരക്ഷാ സേന ബുധനാഴ്ച രാവിലെ പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടയിൽ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. പിന്നീട് നടന്ന ഏറ്റുമുട്ടലിനൊടുവിൽ തീവ്രവാദികളെ സൈന്യം വെടിവച്ച് കൊല്ലുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും കണ്ടെടുത്തിയതായി സൈന്യം അറിയിച്ചു. സുരക്ഷാസേന വധിച്ച രണ്ട് തീവ്രവാദികളിൽ ഒരാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.