rs-vimal

തിരുവനന്തപുരം: നടൻ ദീലിപിനെതിരെ താൻ പറഞ്ഞുവെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംവിധായകൻ ആർ.എസ്.വിമൽ പറഞ്ഞു. നെയ്യാറ്റിൻകരയിലെ ഒരു ചെറിയ വീട്ടിൽ നിന്ന് മാദ്ധ്യമ പ്രവർത്തനവുമായി വന്ന് സിനിമയെ സ്വപ്‌നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ ശ്രമിച്ചവരാണ് ഏറെയും. തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം മുന്നേറവെ കരുതിക്കൂട്ടി ആരോ തന്റെ ചോരയ്‌ക്ക് വേണ്ടി ശ്രമിക്കുകയാണ്. ഇതിന് കാലം മറുപടി പറയുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീൻ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയർപ്പാക്കിയ ചോരയ്ക്കും അളവില്ല!

കർണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആർ. എസ്. വിമലില്ല എന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, ഒടുവിൽ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാൻ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാൻ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്.

മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും വീട്ടുകാർക്കു മാത്രമറിയാവുന്നതുമായ ഔദ്യോഗിക യാത്ര. എന്റെ അടുത്ത ചങ്ങാതിമാരെ പോലും കണ്ടിട്ട് കുറെയേറെ നാളായി. ഏതെങ്കിലുമൊരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടാണെങ്കിൽ മാസങ്ങളും.

അതിനിടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ പേരിലുള്ള വ്യാജവാർത്തകൾ . ആരോ പടച്ചു വിട്ട ,ഒരേ അച്ചിൽ വാർത്തവ.

ഒരു പാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ നിന്നും മാധ്യമ പ്രവർത്തനവുമായി വന്ന് ,സിനിമ സ്വപ്നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ, ഞെക്കിക്കൊല്ലാൻ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർക്കു മുന്നിൽ , എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കിൽ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാൻ.
മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്‌.
എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്.

പക്ഷേ,
എനിക്ക് ഇന്നാട്ടിലെ പ്രേഷകരെ, ജനങ്ങളെ വിശ്വാസമുണ്ട്.
"ഒരു ലക്ഷം തവണ ആവർത്തിച്ചാലും നിങ്ങളുടെ നുണകൾ സത്യമാവില്ല" എന്ന് അവർ വിധി എഴുതുക തന്നെ ചെയ്യും.
സ്നേഹത്തോടെ
ആർ. എസ്. വിമൽ