പതിനാറു മാസം നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാന്റെ ഒരു മലയാള സിനിമ റിലീസിനെത്തുകയാണ്. ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റേതായി മാർച്ചിൽ തിയേറ്ററിലെത്തുക. സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ്. സൗബിൻ ഷാഹിർ, രമേശ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
നാദിർഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിംഗ് ജോൺ കുട്ടിയും നിർവഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിർമിക്കുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസായ മലയാള സിനിമ. തുടർന്ന് താരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ദേസിംഗ് പെരിയസാമിയുടെ കണ്ണും കണ്ണും കൊള്ളയടിത്താൽ ആണ് താരത്തിന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം.