മഹാരാജാസ് കോളേജിലെ രാഷ്ട്രീയ കൊലപാതകത്തിന് രക്തസാക്ഷിയായ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയാണ് നാൻ പെറ്റ മകൻ. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒരു നീണ്ട കുറിപ്പോടെയാണ് മന്ത്രി പോസ്റ്റർ പുറത്തുവിട്ടത്. ആറടി എന്ന ചിത്രത്തിന്റെ സംവിധായകൻ സിജി എസ് പാലമേൽ ഒരുക്കുന്ന സിനിമയിൽ മിനോനാണ് അഭിമന്യുവായി എത്തുന്നത്.
ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സീമ ജി.നായർ, അനന്ത് ജയചന്ദ്രൻ, സരയൂ, ജോയ് മാത്യു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. റെഡ്സ്റ്റാർ മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. 'കഴിഞ്ഞ വർഷം കേരള ജനതയുടെ മനസ്സിനെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യൂവിന്റെ മരണം.' എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ സൈമൺ ബ്രിട്ടോയെയും പ്രതിപാദിച്ചിട്ടുണ്ട്.
സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം. അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നിൽ രക്താഭിവാദ്യങ്ങളർപ്പിച്ചുകൊണ്ട് 'നാൻ പെറ്റ മകൻ' സിനിമയുടെ 'ഫസ്റ്റ് ലുക്ക് പോസ്റ്റർ ' ഞാൻ പ്രകാശനം ചെയ്യുന്നു- എന്നാണ് ധനമന്ത്രി കുറിച്ചത്.