സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തിയേറ്ററിൽ മികച്ച അഭിപ്രായവും കളക്ഷനും നേടിയ സംവിധായകനാണ് വിഘ്നേഷ് ശിവൻ. തന്റെ കാമുകിയും നായികയുമായ നയൻതാരയ്ക്കായി സിനിമയിൽ മറ്റൊരു റോളിലെത്തുകയാണ് വിഘ്നേഷ്. നയൻതാരയുടെ പുതിയ ചിത്രം നിർമ്മിക്കുന്നതിലൂടെ ഇൻഡസ്ട്രിയിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുകയാണ്. അവൾ എന്ന ചിത്രത്തിനു ശേഷം മിലിന്ദ് റാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ നിർമ്മിക്കുക. നയൻതാര നായികയാകുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് അറിയുന്നത്.
അജിത്തിനൊപ്പം അഭിനയിച്ച വിശ്വാസമാണ് നയൻസിന്റേതായി ഒടുവിൽ റിലീസായത്. താരം ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ഐര ഉടൻ റിലീസാകും. വിജയ്യുടെ നായികയായി പേരിടാത്ത ചിത്രം, കൊലയുതിർ കാലം, മി. ലോക്കൽ, തെലുങ്ക് ചിത്രം സൈറ നരസിമ്മ റെഡ്ഡി, മലയാള ചിത്രം ലവ് ആക്ഷൻ ഡ്രാമ എന്നിവയും നയൻസിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്. സംവിധാനത്തിനു പുറമെ ഗാനരചയിതാവായും തമിഴകത്ത് തിളങ്ങിയിട്ടുളള ആളാണ് വിഘ്നേഷ് ശിവൻ.