കൊച്ചി: സമ്പന്നരും അതിസമ്പന്നരുമായ ഉപഭോക്താക്കൾക്ക് മേൽത്തര സാമ്പത്തിക സേവന ഉത്‌പന്നങ്ങൾ ലഭ്യമാക്കുന്നതിനായി കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ധനകാര്യ സേവന കമ്പനിയായ ഹെഡ്‌ജ് ഇക്വിറ്രീസും മുംബയ് ആസ്ഥാനമായുള്ള എ.എസ്.കെ. വെൽത്ത് അഡ്വൈസേഴ്‌സും തമ്മിൽ ധാരണയിലേർപ്പെട്ടു. ഓൾട്ടർനേറ്റ് ഇൻവെസ്‌റ്ര്‌മെന്റ് ഫണ്ട് (എ.ഐ.എഫ്), തീമാറ്രിക് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമുകൾ (ടി.എം.എസ്), ആഗോള ഫണ്ട്‌സ് തുടങ്ങിയ ഉത്‌പന്നങ്ങളുടെ വിതരണമാണ് ഹെഡ്‌ജ് ഇക്വിറ്റീസ് ഏറ്റെടുക്കുന്നതെന്ന് ഹെഡ്‌ജ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അലക്‌സ് കെ. ബാബു പറഞ്ഞു.
ഇതു സംബന്ധിച്ച ധാരണാപത്രം കൊച്ചിയിൽ നടന്ന ചടങ്ങിൽ അലക്‌സ് കെ. ബാബു, എ.എസ്.കെ വെൽത്ത് അഡ്വൈസേഴ്‌സ് സീനിയർ മാനേജിംഗ് പാർട്‌ണർ പ്രകാശ് ബുലുസു എന്നിവർ ഒപ്പുവച്ചു. ഇക്വിറ്രി, മ്യൂച്വൽ ഫണ്ട്സ് എന്നിവയിലേക്കായി പുതിയൊരു നിക്ഷേപ സംസ്‌കാരം കേരളത്തിൽ വളർത്തിയെടുക്കാൻ ഹെഡ്‌ജിന് കഴിഞ്ഞിട്ടുണ്ടെന്നും നടപ്പു സാമ്പത്തിക വർഷം ഹെഡ്‌ജിന്റെ വെൽത്ത് മാനേജ്‌മെന്റ് ബിസിനസ് ആയിരം കോടി കവിഞ്ഞുവെന്നും അലക്‌സ് കെ. ബാബു പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്‌പന്നങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയ്‌ക്കുമേൽ നിക്ഷേപമുള്ളവരെയാണ് പുതിയ ഉത്‌പന്നങ്ങൾ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഹെഡ്‌ജ് ഇക്വിറ്രീസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനയ് ശശിധരൻ, ശ്രദ്ധ പാണ്ഡ്യ എന്നിവരും സംബന്ധിച്ചു.
കേരളത്തിൽ മ്യൂച്വൽഫണ്ട്
നിക്ഷേപം ഇരട്ടിയായി
കൊച്ചി: പരമ്പരാഗത നിക്ഷേപ രീതികളിൽ നിന്ന് മാറി ഇക്വീറ്രിസിലും മ്യൂച്വൽഫണ്ടുകളിലും നിക്ഷേപിക്കുന്ന കേരളീയരുടെ എണ്ണം കൂടുകയാണ്. മൂന്നുവർഷം മുമ്പ് കേരളത്തിലെ മ്യൂച്വൽഫണ്ട് നിക്ഷേപം 10,000-11,000 കോടി രൂപയായിരുന്നത് ഇപ്പോൾ 25,000 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്ന് ഹെഡ്‌ജ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അലക്‌സ് കെ. ബാബു പറഞ്ഞു.
അതേസമയം, ഇക്കാലയളവിൽ ദേശീയതലത്തിൽ വളർച്ച മൂന്ന് മടങ്ങായിരുന്നു. മൊത്തം 24 ലക്ഷം കോടിയോളം രൂപ ഇന്ത്യക്കാർ മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സേവിംഗ്‌സിൽ നിന്ന് ഇക്വിറ്രി, മ്യൂച്വൽഫണ്ടുകളിലേക്കുള്ള നിക്ഷേപനിരക്ക് ഇപ്പോൾ ഇന്ത്യയിൽ അഞ്ചു ശതമാനമാണ്. അന്താരാഷ്‌ട്ര തലത്തിൽ ഇത് 25 ശതമാനമാണ്. സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്ര്‌മെന്റ് പ്ളാൻ (എസ്.ഐ.പി) നിക്ഷേപ രീതിക്ക് പ്രിയമേറുന്നുണ്ടെന്ന് എ.എസ്.കെ. വെൽത്ത് അഡ്വൈസേഴ്‌സ് സീനിയർ മാനേജിംഗ് പാർട്‌ണർ പ്രകാശ് ബുലുസു പറഞ്ഞു.
2013-14ൽ പ്രതിമാസം എസ്.ഐ.പിയിലൂടെ 2,000 കോടി രൂപയാണ് ഒഴുകിയിരുന്ന നിക്ഷേപം. ഇപ്പോഴിത് 8,000 കോടി രൂപയായിട്ടുണ്ട്. ഒരുവർഷം 90,000 കോടി രൂപയ്‌ക്കുമേലാണ് ഇത്തരത്തിൽ വിപണിയിലേക്ക് എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പോ അതിന്റെ ഫലമോ വിപണിയെ ദീർഘകാലത്തേക്ക് സ്വാധീനിക്കില്ല. തിരഞ്ഞെടുപ്പ് ഫലം വിപണിയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായാലും തിരിച്ചടിയാവില്ല. ഉയർന്ന ജി.ഡി.പി നിരക്കും 40,000 കോടി ഡോളറിനുമേൽ വരുന്ന വിദേശ നാണയ ശേഖരവും ഇന്ത്യയ്ക്ക് കരുത്താണെന്നും അദ്ദേഹം പറഞ്ഞു.