അരുന്ധതി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സൃഷ്ടിച്ച നായികയായിരുന്നു അനുഷ്ക ഷെട്ടി. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെ പോകാനും അനുഷ്ക തയാറായിരുന്നു. അതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി താരം തന്റെ ഭാരം നൂറ്റിപ്പത്ത് കിലോയായി ഉയർത്തിയത്. അതിനു ശേഷം തടി കുറയ്ക്കാനുള്ള കഠിനശ്രമത്തിലായിരുന്നു താരം.
ബാഹുബലി, രുദ്രമാദേവി, ബാഗമതി എന്നീ ചിത്രങ്ങളിൽ തടിയുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു താരം. എന്നാൽ, ഇപ്പോൾ വിമർശനങ്ങൾക്കെല്ലാം കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് അനുഷ്ക. മെലിഞ്ഞ് സുന്ദരിയായ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. പ്രമുഖ ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ശരീരഭാരം കുറച്ച് ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. 37കാരിയായ അനുഷ്കയുടെ അതിശയിപ്പിക്കുന്ന മേക്കോവർ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
ലൂക്കിന്റെ കീഴിൽ കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അനുഷ്ക. ‘ഹോളിസ്റ്റിക് ന്യൂട്രീഷൻ ആൻഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ’ എന്ന ചികിത്സാരീതിയിലൂടെയാണ് നടിയുടെ മേക്കോവർ. അനുഷ്കയുമായി ചേർന്ന് ആളുകളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾക്കും ലൂക്ക് പദ്ധതിയിടുന്നുണ്ട്.
വിദേശത്ത് വച്ച് കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തിയ താരം കൃത്യമായ വ്യായാമത്തോടെയും ഭക്ഷണ ക്രമത്തിലൂടെയും തടി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ആർ. മാധവൻ നായകനാകുന്ന സൈലൻസ് എന്ന ചിത്രമാണ് അനുഷ്കയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അനുഷ്ക ഈ ആഴ്ച സിനിമയിൽ ജോയിൻ ചെയ്യും. നവാഗതനായ ഹേമന്തന് മധുർകർ ആണ് സംവിധാനം. ഹോളിവുഡ് ചിത്രം കിൽ ബില്ലിലൂടെ പ്രശസ്തനായ മൈക്കൽ മാഡ്സെൻ ആണ് വില്ലൻ.