s-raendran

കൊച്ചി: മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് ഹെെക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ചെയ്‌തത്. മൂന്നാറിലെ സി.പി.ഐ‌ നേതാവ് ഔ‌സേപ്പ് നൽകിയ ഹർജിയിലാണ് നടപടി. പഞ്ചായത്തിന് ആരാണ് അവിടെ കെട്ടിടം പണിയാൻ അനുമതി കൊടുത്തതെന്ന് കോടതി ചോദിച്ചു. സർക്കാറിന്റെ ഉപഹർജിയും ഔ‌സേപ്പ് നൽകിയ ഹർജിയും ഇനി ഒരുമിച്ച് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് മൂന്നാറിലെ സബ് കളക്ടറും ഹർജി സമർപ്പിച്ചിരുന്നു.

നിയമം ലംഘിച്ചാണ് കെട്ടിടനിർമാണമെന്നും അതിനാൽ ഇത് അടിയന്തരമായി നിറുത്തിവയ്ക്കണമെന്നുമായിരുന്നു ഔസേപ്പ് ഹർജിയിൽ ബോധിപ്പിച്ചിരുന്നത്. ഔസേപ്പിന്റെ ഹർജി പരിഗണിച്ച ഘട്ടത്തിൽ, സർക്കാരും വിഷയത്തിലെ നിലപാട് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടറുടെ സത്യവാങ്മൂലം ഉൾപ്പെടെ സമർപ്പിച്ചിട്ടുള്ള ഹർജി കൂടി പരിഗണിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പാർക്കിങ് ആവശ്യത്തിനു വേണ്ടി മൂന്നാർ പഞ്ചായത്തിന് കണ്ണൻ ദേവൻ കമ്പനി സ്ഥലമാണിതെന്നും ഇവിടെ നിർമാണം നടത്താൻ പഞ്ചായത്തിന് അധികാരമില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

ഔസേപ്പിന്റെ വാദത്തെ സർക്കാരും പിന്തുണച്ചു. സബ് കളക്ടറുടെ സത്യവാങ്മൂലത്തിൽ എസ് രാജേന്ദ്രൻ എം.എൽ.എ അപമാനിച്ചതായി പരാമർശമുണ്ട്. മാദ്ധ്യമങ്ങൾക്ക് മുന്നിലും, കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തെ ജനക്കൂട്ടത്തിന് മുന്നിൽ വച്ച് അപമാനിച്ചുവെന്ന് സബ് കളക്ടർ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. രണ്ടാഴ്‌ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ഷുക്കൂർ വധം: നിർദ്ദേശം നൽകിയത് ടി.വി രാജേഷും പി ജയരാജനുമെന്ന് സി.ബി.ഐ കുറ്റപത്രം