അഭിനയിക്കുന്ന സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായി ഒരു സ്ഥാനമുറപ്പിക്കാനൊരുങ്ങുകായണ് കാളിദാസ് ജയറാം. താരപുത്രന്റെ പുതിയ ചിത്രമായ 'ഹാപ്പി സർദാറിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. പുതുമയുള്ള കഥാപാത്രങ്ങളുമായി മികച്ച സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
'പൂമരം' എന്ന ചിത്രത്തിൽ കാളിദാസിനൊപ്പം അഭിനയിച്ച മെറിൻ ഫിലിപ്പാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പേര് പോലെ തന്നെ സംവിധായകരുടെ കാര്യത്തിലും പ്രത്യേകതകളുണ്ട്. ഒരു സുദീപും ഗീതികയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ചിച്ചാ മൂവിസും, മലയാളം മൂവി മേക്കേഴ്സിന്റെയും ബാനറിൽ ഹസീബ് ഹനീഫാണ് ചിത്രം നിർമിക്കുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ & മിസിസ് റൗഡി, മിഥുൻമാനുവൽ തോമസിന്റെ അർജന്റീന ഫാൻസ് കാട്ടൂർകടവ്, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് & ജിൽ എന്നിവയാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. നായകനാവുന്ന അർജന്റീന ഫാൻസ് എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.