fire

ന്യൂഡൽഹി : ഹോട്ടലിൽ ആഹാര സാധനം കൃത്യമായി കിട്ടിയില്ലെങ്കിൽ വഴക്കിടുന്നവരുണ്ടാവും എന്നാൽ തോക്കെടുത്ത് വെടിയുതിർക്കുന്നവരും ഉണ്ടെന്ന് ഡൽഹി പൊലീസ് തെളിയിച്ചിരിക്കുകയാണ്. പൊലീസ് സേനയ്ക്കാകെ നാണക്കേടായ സംഭവമുണ്ടായത് ഫെബ്രുവരി രണ്ടിനാണ്. ഡൽഹി ഫുഡ് ജോയിന്റ് സെക്ടറിലെ ഒരു ഭക്ഷണശാലയിലാണ് സംഭവം.

ഇവിടെ അത്താഴം കഴിക്കുകയായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥർക്കായി കൊണ്ട് വന്ന ചമ്മന്തി അടുത്ത ടേബിളിലിരുന്ന രണ്ട് പേർക്ക് നൽകുകയായിരുന്നു. ഈ ടേബിളിൽ ഒരു പൊലീസ്‌കാരനും അയാളുടെ മരുമനുമാണ് ഇരുന്നത്.

മദ്യ ലഹരിയിലായ ഇവർ ആവശ്യപ്പെടാതെ ചമ്മന്തിയുമായെത്തിയ ജീവനക്കാരനെ തെറി വിളിക്കുകയും ഇത് സമീപത്തെ നാല് പൊലീസുകാർ ചോദ്യം ചെയ്തതോടെയാണ് സംഭവം വഷളായത്. തുടർന്ന് മദ്യലഹരിയിൽ പൊലീസുകാരൻ സർവ്വീസ് പിസ്റ്റളെടുത്ത് മുകളിലേക്കുയർത്തി വെടി വയ്ക്കുകയായിരുന്നു. എന്നാൽ ഇതിനിടെ തോക്ക് തട്ടിപ്പറിച്ച് നാല് പൊലീസുകാരും സ്ഥലം വിട്ടു. സംഭവത്തിൽ വെടി പൊട്ടിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. തോക്ക് തട്ടിപ്പറിച്ച് കടന്ന കുറ്റത്തിന് മൂന്ന് പൊലീസുകാരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു,നാലാമൻ ഒളിവിലാണ്.