ആളു തീരെ ചെറുതാണെങ്കിലും ഗുണത്തിൽ മുന്തിരി വമ്പനാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒരുപാട് ഘടകങ്ങളാൽ സമൃദ്ധമാണ് മുന്തിരിപ്പഴം. മുന്തിരിയിൽ ധാരാളമായി കാണുന്ന വൈറ്റമിൻ കെ രക്തം കട്ടപിടിക്കുന്നതിന് സഹായകമാണ്. അതുപോലെ ത്വക്കിന്റേയും അസ്ഥികളുടേയും ആരോഗ്യ സംരക്ഷിക്കാൻ കഴിവുള്ള വൈറ്റമിൻ എ യുടെ ഉത്തമ ഉറവിടമാണ് മുന്തിരി. ഇതിലടങ്ങിയ പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകൾ ഗുരുതരമായ പല രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കാൻ ആന്റി ഓക്സിഡന്റുകൾക്ക് കഴിവുണ്ട്. മുന്തിരിയിലടങ്ങിയ ചില ഘടകങ്ങൾക്ക് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാൻ കഴിവുണ്ട്. ഇതുവഴി രക്തസമ്മർദ്ദത്തേയും ഹൃദ്രോഗത്തേയും അകറ്റി നിറുത്താൻ സാധിക്കും. മുന്തിരിയിലുള്ള സിസാന്തിനും ലൂട്ടിനും കണ്ണുകളുടെ ആരോഗ്യത്തെയും സംരക്ഷിക്കും.